Local newsPONNANI

പൊന്നാനിയിൽ ഇനി പേടികൂടാതെ പുറത്തിറങ്ങാം; തെരുവ്നായ് ശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികളുമായി പൊന്നാനി നഗരസഭ

പൊന്നാനി: വർദ്ധിച്ചു വരുന്ന തെരുവ്നായ് ശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികളുമായി പൊന്നാനി നഗരസഭ. തെരുവ് നായ്ക്കളെ വന്ധീകരിക്കുന്ന പദ്ധതിയായ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പ്രോഗ്രാം നഗരസഭയിൽ നേരിട്ട് നടപ്പിലാക്കാൻ തീരുമാനമായി. ഈ മാസമവസാനത്തോടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ വളർത്തു പട്ടികൾ ഉൾപ്പെടെ മൃഗങ്ങൾക്കായുള്ള വാക്സിനേഷനായി രണ്ടാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന തീവ്രയത്‌ജ്ഞ പരിപാടി സംഘടിപ്പിക്കും. വാക്സിനേഷൻ ക്യാമ്പ് നഗരസഭയിലെ രണ്ട് മൃഗാശുപത്രികളിൽ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുക. തെരുവ്നായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്നതിന് കഴിഞ്ഞ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു.

നഗരസഭ നേരിട്ടാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതിക്കാവശ്യമായ ഓപ്പറേഷൻ തിയേറ്റർ, ഇലക്ട്രിക് ഓപ്പറേഷൻ ടേബിൾ, ഡബിൾ ഓപ്പറേഷൻ തിയേറ്റർ ലൈറ്റുകൾ, ഫുള്ളി സ്റ്റൈൻലസ് സ്റ്റീൽ നിർമ്മിതവുമായ എയർകണ്ടീഷൻ മൊബൈൽ ഓപ്പറേഷൻ തിയേറ്ററും പ്രീ പ്രിപ്പറേഷൻ സൗകര്യങ്ങളും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ തുടങ്ങിയ സംവിധാനങ്ങൾ നഗരസഭ ഒരുക്കും. അതോടൊപ്പം ആവശ്യമായ ഡോക്ടർമാരെയും ഡോഗ് കാച്ചേഴ്സ് അടക്കമുള്ള മറ്റു ജീവനക്കാരെയും നഗരസഭ കരാറടിസ്ഥാനത്തിൽ നിയമിക്കും.

നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ആബിദ, രജീഷ് ഊപ്പാല, ഷീനസുദേശൻ, നഗരസഭാ സെക്രട്ടറി എസ്. സജിറൂൻ, മൃഗ ഡോക്ടർമാരായ സിനി സുകുമാരൻ, അങ്കി റസ്, വിനീത് രവീന്ദ്രൻ, നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഹുസൈൻ, പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

ponnaninews

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button