CHANGARAMKULAMLocal news

ചങ്ങരംകുളം സ്വദേശി അബു വളയംകുളം നായകനാവുന്ന ദേര ഡയറീസ് റീലീസിന് ഒരുങ്ങി

ചിത്രം മാര്‍ച്ച് 19ന് ഒ ടി ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലൂടെ പ്രക്ഷകരിലെത്തും

ചങ്ങരംകുളം: നിങ്ങള്‍ യൂസുഫിനെ ഒരുപാടു തവണ കണ്ടിട്ടുണ്ട്.ഓഫിസിലോ താമസ സ്ഥലത്തോ ബാച്ചിലര്‍ മുറിയിലോ അടുത്തതോ അകന്നതോ ബന്ധുവായോ, എന്തിന് കണ്ണാടി നോക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങളില്‍ തന്നെയോ യൂസുഫുണ്ടായിരുന്നു.ആ യൂസുഫാണ് നിങ്ങളെ കാണാന്‍ മാര്‍ച്ച് 19ന് ഒ ടി ടി പ്ലാറ്റ്‌ഫോമായ നീ സ്ട്രീമിലൂടെ (Nee Stream) സ്വീകരണമുറിയിലേക്കെത്തുന്നത്.നായകനിലൂടേയും നായികയിലൂടെയും കഥ പറയാന്‍ ശ്രമിച്ച സിനിമകള്‍ കണ്ട് പരിചയിച്ചവര്‍ക്കിടയിലേക്കാണ് അഞ്ചു ജീവിതങ്ങളിലൂടെ നായകനെ കുറിച്ച് വിശദീകരിക്കുന്നത്.തന്റെ ജീവിതത്തിലേതു പോലെ യൂസുഫ് പോലുമറിയുന്നില്ല അയാളാണ് ഈ സിനിമയിലെ നായകനെന്ന്- അത്രയും വ്യത്യസ്തമായ രീതിയിലാണ് ദേര ഡയറീസ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
കൂടെയുള്ളയാള്‍ കേള്‍ക്കെ അയാളുടെ ഗുണങ്ങള്‍ പറയുകയും മറഞ്ഞിരിക്കെ കുറ്റങ്ങളുടേയും അപവാദങ്ങളുടേയും ഭാണ്ഡക്കെട്ടുകളഴിക്കുകയും ചെയ്യുന്ന ലോകത്ത് യൂസുഫ് കേള്‍ക്കാനും അറിയാനുമില്ലാത്ത പല ഇടങ്ങളിലിരുന്ന് അവര്‍ അയാളെ വാഴ്ത്തുകയും അന്വേഷിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യത്വത്തിന്റെ പുത്തന്‍ അര്‍ഥങ്ങള്‍ സൃഷ്ടിച്ച് ദേര ഡയറീസ് പുരോഗമിക്കുന്നത്.ജീവിതമെന്നാല്‍ വെറുമൊരു കഥയല്ലെന്നും നിരവധി കഥകള്‍ ചേര്‍ന്ന സമാഹാരമാണെന്നും ദേര ഡയറീസ് കാഴ്ചക്കാരനെ ബോധ്യപ്പെടുത്തുന്നു.കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി സ്വതന്ത്ര സിനിമകളിലൂടെ രംഗത്തുണ്ടായിരുന്ന മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്റെ പ്രഥമ സിനിമാ സംരംഭമാണ് ദേര ഡയറീസ്.അറേബ്യന്‍ മണലാരണ്യത്തില്‍ നിന്നും നേടിയെടുത്ത സുഖസൗകര്യങ്ങളുടെയും ജീവിത നേട്ടങ്ങളെന്ന് കരുതിയ സമ്പത്തിന്റേയുമല്ലാതെ മറ്റു ചില കാര്യങ്ങള്‍ മനുഷ്യനെന്ന നിലയില്‍ സ്വായത്തമാക്കേണ്ടതുണ്ടെന്ന് യൂസുഫ് ദേര ഡയറീസിലൂടെ പഠിപ്പിക്കുന്നു.വലിയ പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനപ്പുറത്തേക്കൊന്നും യൂസുഫിനെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.എന്നാല്‍ ചില നിമിഷങ്ങളില്‍ അയാള്‍ മറ്റുള്ളവര്‍ക്കു വേണ്ടി നടത്തിയ ചില ഇടപെടലുകള്‍ അവരുടെ ജീവിതത്തിലങ്ങോളം ചെലുത്തുന്ന സ്വാധീനങ്ങളിലൂടെയാണ് അവരും അയാളും സിനിമയിലുടനീളം ജീവിക്കുന്നത്. ഓരോ ജീവിതത്തിലും നടത്തുന്ന ഇടപെടലുകള്‍ക്കൊടുവില്‍ അവരും അയാളുമെല്ലാം അവരുടേതായ ലോകങ്ങളിലേക്ക് ചുരുങ്ങുകയോ വികസിക്കുകയോ ചെയ്യുന്നുണ്ട്.മനുഷ്യനെ മനുഷ്യനായും ജീവിതത്തെ അതിന്റേതു മാത്രമായ കാഴ്ചപ്പാടുകളിലും കാണുന്ന ചലച്ചിത്രത്തിന്റെ കൂട്ടത്തിലാണ് ദേര ഡയറീസ് ചേര്‍ക്കപ്പെടുക.ചങ്ങരംകുളം വളയംകുളം സ്വദേശിയും തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നിര്‍മിച്ച ‘മേര്‍ക്കു തൊടര്‍ച്ചി മലൈ’ എന്ന തമിഴ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്ന് കൈകാര്യം ചെയ്യുകയും ചെയ്ത് ശ്രദ്ധേയനായ അബു വളയംകുളമാണ് ദേര ഡയറീസിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഈട, അഞ്ചാംപാതിര തുടങ്ങിയ ഹിറ്റ് സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ മുഴുനീള കഥാപാത്രമാണ് ദേര ഡയറീസിലെ യൂസുഫ്.മുപ്പതു മുതല്‍ അറുപതു വയസ്സു വരെയുള്ള മുപ്പതു വര്‍ഷത്തെ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അബു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റുന്ന ഷാലു റഹീമാണ് ദേര ഡയറീസില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു എടക്കാട് ബറ്റാലിയന്‍, ലൂക്ക, മറഡോണ, ഒറ്റക്കൊരു കാമുകന്‍, കളി തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ്. ദുബൈ ഹിറ്റ് എഫ് എം 96.7ലെ ആര്‍ ജെ അര്‍ഫാസ് ഇഖ്ബാല്‍ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയും ദേര ഡയറീസിനുണ്ട്.ഇവരോടൊപ്പം യു എ ഇയിലെ പ്രസിദ്ധരായ അഭിനേതാക്കളാണ് വെള്ളിത്തിരയിലെത്തുന്നത്. ആര്‍പ്പ്, ചിത്രങ്ങള്‍, യാത്രാമധ്യേ തുടങ്ങിയ സ്വതന്ത്ര സിനിമകളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട് മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍.ജോപോളിന്റെ വരികള്‍ക്ക് സിബു സുകുമാരന്റെ സംഗീതവും വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി എന്നിവരുടെ ആലാപനവും ഈ സിനിമയിലെ ഗാനങ്ങളെ ഇതിനകം തന്നെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
എം ജെ എസ് മീഡിയയുടെ ബാനറില്‍ മധു കറുവത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ എവര്‍ ഫ്രണ്ട്‌സാണ് ദേര ഡയറീസ് നിര്‍മിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button