മിഹിറിന്‍റെ ആത്മഹത്യ; മറ്റ് കുട്ടികള്‍ക്കും സമാന അനുഭവം ഉണ്ടായതായി ശിവന്‍കുട്ടി.

കൊച്ചിയില്‍ ആത്മഹത്യ ചെയ്ത മിഹിറിന്‍റെ അനുഭവം ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ മറ്റ് കുട്ടികള്‍ക്കും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് മന്ത്രി വി.ശിവന്‍കുട്ടി. ജെംസ് സ്കൂളിലും മിഹിറിന് മാനസികപീഡനം ഉണ്ടായെന്നും മന്ത്രി. ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയിട്ടില്ല. ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഡിഇഒമാര്‍ എന്‍ഒസി അന്വേഷിച്ച് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഒന്നാംക്ലാസ് പ്രവേശന പരീക്ഷ ബാലപീഡനമെന്ന് പറഞ്ഞ മന്ത്രി രക്ഷിതാക്കള്‍ക്കുള്ള അഭിമുഖ പരീക്ഷ അംഗീകരിക്കാനാകില്ലന്നും വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്നും പറഞ്ഞു.വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടിയന്തരമായി മൂന്ന് കാര്യങ്ങളാണ് വിദ്യഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. ഒന്ന് മിഹിറിന് അപകടം സംഭവിച്ച കാര്യം, രണ്ട് കുട്ടിക്ക് സംഭവിച്ച ദുരന്തത്തില്‍ കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്നത്. സ്‌കൂളുകളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നിവ സംബന്ധിച്ചാണ് മൂന്നാമതായി പരിശോധിക്കുന്നത്.
