മിനി പമ്പയിൽ വിരിവെക്കാൻ സൗകര്യമായി


കുറ്റിപ്പുറം : മിനി പമ്പയിൽ ശബരിമല തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്ത് നടപടികളാരംഭിച്ചു. വിരിവെയ്ക്കുന്നതിനും വാഹന പാർക്കിങ്ങിനും സൗകര്യം ഒരുക്കിക്കഴിഞ്ഞു. കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
മുൻവർഷങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന ഭാഗത്താണ് വിരിവെയ്ക്കുന്നതിന് ഷെഡ് നിർമിച്ചിട്ടുള്ളത്. നിർമാണം നടക്കുന്ന ദേശീയപാതയോട് ചേർന്നാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് ആവശ്യമായ വെളിച്ചമെത്തിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മിനി പമ്പയിൽ വിശ്രമിക്കാനെത്തുന്ന തീർഥാടകരുടെ എണ്ണം കൂടിയിട്ടുണ്ട്. എങ്കിലും വിവിധ വകുപ്പുകളുടെ സേവനം ഇപ്പോഴും ലഭ്യമായിത്തുടങ്ങിയിട്ടില്ല. ജീവനക്കാർക്കുള്ള സൗകര്യങ്ങൾ അടുത്തദിവസംതന്നെ ഒരുക്കിനൽകുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്.













