KERALA

പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം; വെട്ടിലായി സർക്കാർ

പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം ഉയർത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വെട്ടിലായത് സർക്കാർ. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുവജന സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നാണ് മുന്നണിയിലെ ഘടകകക്ഷികളുടെ നിലപാട്. ഈ സാഹചര്യത്തിൽ തീരുമാനം പുന:പരിശോധനയ്ക്കുള്ള സാധ്യതയേറുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുമ്പോൾ ശക്തമായ പ്രതിഷേധം സർക്കാർ മുൻകൂട്ടി കണ്ടിരുന്നില്ല. വളരെകുറച്ചു മാത്രം ജീവനക്കാരേ ഈ സ്ഥാപനങ്ങളിലുള്ളൂവെന്നും അതിനാൽ വ്യാപകമായ പ്രതിഷേധമുണ്ടാകില്ലെന്നുമായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സർക്കാരിന്റെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രതിഷേധമാണ് യുവജന സംഘടനകളിൽ നിന്നും ഉയരുന്നത്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ് സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയാകട്ടെ സർക്കാരിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

യൂത്ത്‌കോൺഗ്രസ് നവംബർ ഏഴിന് സംസ്ഥാനതലത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെയാണ് ഘടകകക്ഷികളുടെ നിലപാട് നിർണായകമാകുന്നത്. വേണ്ടത്ര ആലോചനയില്ലാതെയാണ് ധനകാര്യ വകുപ്പ് തീരുമാനമെടുത്തതെന്നാണ് ആക്ഷേപം. ഇടതു മുന്നണിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ധനകാര്യ വകുപ്പിന് മാത്രമായി ഇതിൽ എങ്ങനെ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഇവരുടെ ചോദ്യം. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തീരുമാനം പുന:പരിശോധിക്കാനുള്ള സാധ്യതയേറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button