മികച്ച സംവിധായകൻ രമേശ് അമ്പാരത്ത്
എരമംഗലം : മാറഞ്ചേരി മൈത്രി വായനശാല പ്രവർത്തകർ നിർമിച്ച ‘മീസാൻ’ ഷോർട്ട് ഫിലിമിന് പുരസ്‌കാരം. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ രണ്ട് പുരസ്‌കാരങ്ങൾ ചിത്രത്തിന് ലഭിച്ചു. ഷോർട്ട് ഫിലിം വിഭാഗത്തിൽ മികച്ച സംവിധായകനായി രമേശ് അമ്പാരത്തിനെ തെരഞ്ഞെടുത്തു.
‘മീസാൻ’ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധാന മികവ് പരിഗണിച്ചാണ് പുരസ്‌കാരം. മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന രമേശ് അമ്പാരത്ത് വന്നേരിനാട് പ്രസ് ഫോറം പ്രസിഡന്റാണ്. കേരളാ വിഷൻ ചാനലിൽ വാർത്താ അവതാരകനായിരുന്ന അദ്ദേഹം നിലവിൽ സുപ്രഭാതം ദിനപത്രം മാറഞ്ചേരി ലേഖകനും പ്രാദേശിക ചാനലായ ചിത്രാവിഷനിലെ വാർത്താ അവതാരകനുമാണ്.
ചിത്രത്തിലെ അഭിനയത്തിന് സലാം മലയംകുളത്തേലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. പ്രശസ്ത സംവിധായകർ ബാലു കിരിയത്ത്, തുളസിദാസ് തുടങ്ങിയവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകനും എഴുത്തുകാരനുമായ റഫീഖ് പട്ടേരിയാണ് ‘മീസാൻ’ ഷോർട്ട് ഫിലിമിന്റെ രചന.
ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം എ.കെ.ജി. ഹാളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം വിതരണം ചെയ്യും.