മാലിന്യ മുക്തം നവകേരളം:പദ്ധതിയിൽ പിന്നിൽ മലപ്പുറം ജില്ല
കോഴിക്കോട്: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ ക്യാമ്പയിനിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകൾ മുന്നിൽ. പിന്നിൽ മലപ്പുറം. സംസ്ഥാന ശരാശരി 90 ശതമാനം. അതിദരിദ്രരില്ലാത്ത ജില്ലകളാക്കുന്ന പ്രവർത്തനത്തിൽ കോട്ടയവും കണ്ണൂരുമാണ് മുമ്പിൽ. മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മലപ്പുറം ജില്ലയിലെ മൂല്യനിർണയ യോഗത്തിലാണ് വിലയിരുത്തൽ. ചില പഞ്ചായത്തുകളിലെ പ്രസിഡന്റുമാരോ പ്രതിനിധികളോ പങ്കെടുക്കാത്തത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു.
ഒക്ടോബറിൽ തുടങ്ങിയ ക്യാമ്പയിൻ മാർച്ച് വരെയാണ്. ടൗണുകൾ, പൊതുസ്ഥലങ്ങൾ, സ്കൂളുകൾ, മാർക്കറ്റുകൾ, ഓഫീസുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുടങ്ങിയവ ഹരിതവത്കരിക്കുന്നതാണ് പദ്ധതി. ക്യാമ്പയിൻ തുടങ്ങിയപ്പോൾ മലപ്പുറത്തിനൊപ്പമായിരുന്നു കാസർകോടെങ്കിലും അവരിപ്പോൾ 99 ശതമാനം നേട്ടമുണ്ടാക്കി.
തെരുവുനായ്ക്കളുടെ ആധിക്യമുള്ള മലപ്പുറത്ത് അവയുടെ വന്ധ്യംകരണത്തിന് ഒരു എ.ബി.സി സെന്റർ പോലുമില്ല. വളരെ കുറച്ച് ടൗണുകളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഹരിതടൗണായി പ്രഖ്യാപിച്ച ശേഷം മേൽനോട്ടത്തിന് ജനകീയ സമിതികളുണ്ടാക്കുന്നതിലും മാലിന്യനിക്ഷേപത്തിന് ചുമത്തിയ പിഴയും കുറവാണ്. പിഴയിട്ടതിൽ പത്ത് ശതമാനമേ പിരിച്ചുള്ളൂ. ഇത് തെറ്റായ സന്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും നന്നായി പ്രവർത്തിക്കാനുള്ള സാദ്ധ്യത മലപ്പുറത്തുണ്ട്. അതിദരിദ്രർക്ക് സ്ഥലം വാങ്ങാനും വീടുവയ്ക്കാനുമൊക്കെ സേവനതത്പരരെ കണ്ടെത്താൻ ജനപ്രതിനിധികൾ വിചാരിച്ചാൽ നടക്കും. കൊല്ലത്ത് ഒരു കോടി രൂപ വിലമതിപ്പുള്ള സ്ഥലം സൗജന്യമായി നൽകിയ വ്യക്തിയുണ്ട്. വീണ്ടും സ്ഥലം നൽകാൻ അദ്ദേഹം സന്നദ്ധനായി. ഈ മാതൃക മറ്റിടങ്ങളിലും പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.