Local newsPONNANI

മാലിന്യം സംസ്കരിക്കാൻ ഇടമില്ലാതെ ഫിഷർമെൻ ഭവന സമുച്ചയത്തിലെ കുടുംബങ്ങൾ

മാലിന്യ സംസ്കരണത്തിനായി തദ്ദേശസ്ഥാപനങ്ങൾ വഴി വലിയ പ്രചരണ പ്രവർത്തനങ്ങൾ നടത്തുമ്പോഴും ഗാർഹിക മാലിന്യം സംസ്കരിക്കാൻ ഇടമില്ലാതെ കുടുംബങ്ങൾ. ബയോബിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അനുവദിക്കാത്തതിനാൽ മാലിന്യം കോമ്പൗണ്ടിൽ തന്നെ കൂട്ടിയിടേണ്ട ഗതികേടിലാണ് ഇവർ. വീടുകളിൽ നിന്നുള്ള മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ വലിയ പ്രചരണം സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തുന്നതിനിടയാണ് പൊന്നാനിയിലെ പുനർഗേഹം ഭവന സമുച്ചയത്തിലുള്ളവരുടെ ഗാർഹിക മാലിന്യം കോമ്പൗണ്ടിൽ കിടന്നു ചീഞ്ഞ് നാറുന്നത്. രണ്ടുവർഷം മുൻപാണ് ഭവന സമുച്ചയം യാഥാർത്ഥ്യമായത്. അന്നുമുതൽ തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം ആരംഭിക്കുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. നിലവിൽ വീടുകളിൽ നിന്നുള്ള മാലിന്യം കോമ്പൗണ്ടിലെ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിടേണ്ട ഗതികേടിലാണ് കുടുംബങ്ങൾ. ഇവ ദിവസങ്ങളോളം ഇവിടെ കിടന്നു ചീഞ്ഞനാറുമ്പോൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ എത്തി ഇതേ സ്ഥലത്ത് കുഴിച്ചുമൂടുകയാണ് പതിവ്. 120 കുടുംബങ്ങളിൽ നിന്നുള്ള മാലിന്യം കോമ്പൗണ്ടിൽ നിറയുന്നതിനാൽ തെരുവനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ പുറത്തേക്ക് വിടാൻ മാതാപിതാക്കൾ ഭയക്കുകയാണ്. രാത്രിയിൽ തെരുവ് വിളക്ക് ഇല്ലാത്തതിനാൽ പ്രദേശം പൂർണമായും ഇരുട്ടിലാകുന്ന സ്ഥിതിയുമുണ്ട്. ഈ ഭാഗത്ത് നാലു ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതും നീളുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button