മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കാൻസർ കെയർ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക്
April 7, 2023
മാറഞ്ചേരി : മാറഞ്ചേരിയിലെ സാന്ത്വന കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കാൻസർ കെയർ പദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉദാരമതികളായ ആളുകളുടെ സഹായവും സഹകരണവും മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ട്രസ്റ്റിന്റെ നാലാമത്തെ ജീവകാരുണ്യ പദ്ധതിയാണ് കാൻസർ കെയർ . കാൻസർ രോഗം മൂലം അവശതയനുഭവിക്കുന്ന ഇരുപത്തിയഞ്ച് പേർക്ക് മാസംതോറും ആയിരം രൂപ പെൻഷൻ കൊടുത്തുകൊണ്ടുള്ള കാൻസർ കെയർ പദ്ധതി കഴിഞ്ഞ മാസം മുതൽ കൂടുതൽ ജന പങ്കാളിത്തത്തോടെ അൻപതു രോഗികൾക്കു വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. മാസംതോറും 200 രൂപ സംഭാവന നൽകിക്കൊണ്ട് പൊതുജനങ്ങൾക്കും ഈ പദ്ധതിയിലൂടെ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാവുന്നതാണ്. കാൻസർ കെയർ പദ്ധതിയിലൂടെ സഹായം ലഭിക്കുന്നവർക്കുളള ഒരു വർഷത്തേക്കുള്ള സഹായധനം ലഭിച്ചതിനുശേഷം മാത്രമേ പദ്ധതിയിൽ പുതിയ ആളുകളെ ചേർക്കുകയുള്ളൂ എന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ പങ്കാളിത്തമാണ് പദ്ധതിയുടെ വിജയം എന്നും അതിനായി മുഴുവൻ ആളുകളും മുന്നിട്ടിറങ്ങണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ മാസത്തെ പെൻഷൻ നൽകുന്നതിനൊടൊപ്പം റംസാൻ റിലീഫ് കിറ്റുകളുടെ വിതരണവും നടന്നു. സഫാരി ഗ്രൂപ്പ്മാനേജിംഗ് ഡയറക്ടർ മടപ്പാട്ട് അബൂബക്കറിന്റെ നേതൃത്വത്തിലാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് കൺവീനർ വഹാബ് ബാബു, കോർഡിനേറ്റർ എം. ടി നജിബ്, വൈസ് കൺവീനർ അഷ്‌റഫ് പൂചാമം, കാൻസർ കെയർ കൺവീനർ അഷ്‌റഫ് അയകുളതേൽ, കോർഡിനേറ്റർ നസിർ മലയങ്കുളം എന്നിവർ പങ്കെടുത്തു.