മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത് 30 പേർ, അറുപതിലേറെ പേർക്ക് പരിക്ക്, ഔദ്യോഗിക സ്ഥിരീകരണം
![](https://edappalnews.com/wp-content/uploads/2025/01/mahakumbhamela.1738160764.webp)
പ്രയാഗ് രാജ് : മഹാകുംഭമേളയിലെ മൗനി അമാവാസി ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ 30 പേർ മരിച്ചതായും അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് ഡി.ഐ,ജി വൈഭവ് കൃഷ്ണ മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മൗനി അമാവാസിയിലെ അമൃത് സ്നാൻ നിർവഹിക്കാനെത്തിയവരാണ് ദുരന്തത്തിൽ പെട്ടത്. അഭൂതപൂർവ്വമായ തിരക്കാണുണ്ടായത്. പതിനായിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ത്രിവേണി സംഗമത്തിൽ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
എട്ടുകോടിക്കും പത്ത് കോടിക്കും ഇടയിൽ തീർത്ഥാടകർ ഇന്നത്തെ അമൃത് സ്നാനത്തിൽ പങ്കെടുത്തെന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം.. സംഭവത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട് അപകടമുണ്ടായ ഉടൻ തന്നെ ആംബുലൻസുകൾ അയക്കുകയും ഒട്ടേറെപേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ, അമാവാസി ചടങ്ങ് ദിവസത്തെ അമൃത സ്നാനം ഉപേക്ഷിച്ചതായി അഖില ഭാരതീയ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ദ് രവീന്ദ്ര പുരി അറിയിച്ചു. ഗംഗാനദിയിലെ സ്നാനം അവസാനിച്ച് മടങ്ങാനും ഭക്തർക്ക് നിർദേശം നൽകിയിട്ടുണ്ട്
![](http://edappalnews.com/wp-content/uploads/2025/01/logo.png)