MALAPPURAM
മലപ്പുറത്ത് വിവാഹമോചന പരാതികൾ കൂടുന്നുവെന്ന് വനിതാ കമ്മീഷൻ
മലപ്പുറം: വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ മലപ്പുറം ജില്ലയിൽ കൂടുന്നുവെന്ന് വനിതാ കമ്മീഷൻ അംഗം വിആർ മഹിളാമണി. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിആർ മഹിളാമണി.
കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധി പേരാണ് കമ്മീഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹപൂർവ കൺസിലിങ് കാര്യക്ഷമതയോടെ നടത്തണം. വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു.