പീഡനശ്രമത്തിന് മൊബൈൽഫോൺ പ്രേരണയായെന്ന് നിഗമനം;പതിനഞ്ചുകാരന്റെ മൊബൈൽ ഫോറൻസിക് വിഭാഗത്തിന് കൈമാറും
കൊണ്ടോട്ടി:കൊട്ടൂക്കരയിൽ 21-കാരിയെ അക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ പതിനഞ്ചുകാരന്റെ മൊബൈൽഫോൺ പോലീസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കസ്റ്റഡിയിലെടുത്ത ഫോൺ ഫോറൻസിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന നടത്തുക. മൊബൈൽഫോൺ ദുരുപയോഗംവഴിയുള്ള പ്രേരണയാലാണ് പത്താംക്ലാസുകാരൻ യുവതിയെ അക്രമിച്ചതെന്നാണ് സൂചന.വിദ്യാർഥിയുടെ മൊബൈൽഫോൺ ഉപയോഗം സംബന്ധിച്ച തെളിവുകൾ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കംപ്യൂട്ടർ സെന്ററിലേക്കായി വീട്ടിൽനിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരൻ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാർഥി വെള്ളിമാടുകുന്നിലെ ജുവനൈൽ ഹോമിലാണുള്ളത്. ബുധനാഴ്ച യുവതി മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്.