MALAPPURAM

മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

മലപ്പുറം: പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില ​ഗുരുതരം. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ലോറി ട്രാവലർ വാനിലിലും, കാറിലും, നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ച് 18 പേർക്കാണ് പരിക്കേറ്റത്.

മേലാറ്റൂർ ഭാഗത്ത് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി നിലമ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറി നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച് തകർത്ത് കടയിലേക്ക് പാഞ്ഞു കയറുകയും, ട്രാവലർ വാൻ കാറിൽ ഇടിക്കുകയും ചെയ്തു. ലോറിക്കടിയിൽ പെട്ട ഓട്ടോറിക്ഷയിൽ ഡ്രൈവർ ഏറെ നേരം കുടുങ്ങി കിടന്നു. പിന്നീട് മഞ്ചേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് പൂർണ്ണമായും തകർന്ന ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് മുടിക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ  ആപ്പയെ  പുറത്തെടുത്തത്. ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കൊടുങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ച ട്രാവലർ വാനിലെ യാത്രക്കാരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ, പാണ്ടിക്കാട് പോലീസ്, ട്രോമ കെയർ, പോലീസ് വളണ്ടിയർമാർ, സിവിൽ ഡിഫൻസ് ഫോഴ്സ് എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അതേ സമയം ലോറിയുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും, ഇയാൾക്കെതിരെ മനപൂർവ്വമുള്ള നരഹത്യാ ശ്രമത്തിന് കേസെടുക്കണമെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button