EDAPPAL

മരുന്നു കിട്ടി; കത്തിക്കയറാൻ കൊതിച്ച് തീപ്പെട്ടി വ്യവസായം.

എടപ്പാൾ ∙ വില വർധന പ്രാബല്യത്തിൽ വരുന്നതോടെ പ്രതിസന്ധിയിൽനിന്ന് ‘കത്തിക്കയറും’ എന്ന പ്രതീക്ഷയിൽ തീപ്പെട്ടി വ്യവസായം. നിലവിൽ ഒരു രൂപയ്ക്ക് ലഭിക്കുന്ന തീപ്പെട്ടി ഡിസംബർ ഒന്നു മുതൽ 2 രൂപയായി ഉയർത്തുന്നത് പ്രതിസന്ധിയിലായ തീപ്പെട്ടി കമ്പനികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നു. ഉൽപാദനച്ചെലവ് കുത്തനെ ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് മൂന്നു പതിറ്റാണ്ടായി വട്ടംകുളം കുറ്റിപ്പാലയിൽ ഗോകുൽ മാച്ചസ് കമ്പനി നടത്തുന്ന സുബ്രഹ്മണ്യൻ പറയുന്നു. 

അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതിന് പുറമേ ഇന്ധന വിലയിലുണ്ടായ വർധനയും മൂലം മേഖല പ്രതിസന്ധിയിലായി. ഇവിടെ നിർമിക്കുന്ന തീപ്പെട്ടിക്കമ്പുകൾ ശിവകാശി, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് എത്തിച്ചു നൽകണം. വാഹന വാടക ഇനത്തിൽ നേരത്തേ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളം തുക നൽകേണ്ടി വരുന്നുണ്ട്. മട്ടി മരത്തിനും വലിയ വില നൽകണം. തൊഴിലാളികളുടെ കൂലി ഇനത്തിലും വർധന ഉണ്ടായി. 

വില വർധിപ്പിച്ചില്ലെങ്കിൽ നഷ്ടത്തിലോടുന്ന കമ്പനികൾ അടച്ചിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു. തമിഴ്നാട്ടിലെ കമ്പനികളിൽ തീപ്പെട്ടിക്കമ്പുകൾക്ക് നിലവിൽ ക്വിന്റലിന് 4200 രൂപ നിരക്കിൽ ആണ് ഇവർക്ക് ലഭിക്കുന്നത്. തീപ്പെട്ടിയുടെ വില വർധിപ്പിക്കുന്നതോടെ കമ്പിന് ലഭിക്കുന്ന തുകയിലും വർധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. തൊഴിലാളികൾക്ക് പുറമേ ഭാര്യ രുക്മിണി, മകൻ സുഭാഷ് എന്നിവരും കമ്പനിയിൽ സുബ്രഹ്മണ്യനെ ഒപ്പമുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button