India

രാഹുല്‍ ഗാന്ധി അയോഗ്യന്‍; പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി വിജ്ഞാപനം

ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി. വയനാട്ടില്‍നിന്നുള്ള ലോക്‌സഭാംഗമാണ് രാഹുല്‍.

ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഇന്നലെയാണ് രാഹുല്‍ കുറ്റക്കാരനെന്നു കണ്ടെത്തി സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി നടപ്പാക്കുന്നത് ഒരു മാസത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാഹുന് ഉടന്‍ അയോഗ്യത വരില്ലെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അയോഗ്യതയും വരും.

മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയുള്ള മാനനഷ്ടക്കേസിലാണ് രാഹുലിനു കോടതി ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോദി എന്നു പേരു വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി നല്‍കിയ ഹര്‍ജിയിലാണ് വിധി.

കര്‍ണാടകയിലെ കോലാറില്‍ 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button