ആമസോണിന് 200 കോടി പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ.

ഫ്യൂച്ചർ റീറ്റെയ്ൽ ഗ്രൂപ്പിന്റെ ഫ്യൂച്ചർ കൂപ്പൺസ് ഏറ്റെടുത്ത 2019 ലെ ആമസോണിന്റെ കരാർ റദ്ദാക്കി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. വസ്തുതകൾ മറച്ചുവെച്ചതിന് കമ്പനിക്കെതിരെ 200 കോടി രൂപ പിഴ ചുമത്തിയതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഫ്യൂച്ചർ കൂപ്പൺസും കോൺഫെർഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സും നൽകിയ പരാതിയിലാണ് നടപടി. നേരത്തെ തന്നെ ക്ലിയറൻസ് ലഭിച്ച കരാർ റദ്ദാക്കാൻ കോമ്പറ്റീഷൻ കമ്മീഷന് അധികാരമില്ലെന്ന് നേരത്തെ ആമസോൺ വാദിച്ചിരുന്നു. എന്നാൽ അങ്ങനെയെങ്കിൽ കമീഷന്റെ നടപടികളിൽ പങ്കെടുത്തത് എന്തിനായിരുന്നുവെന്ന് കോൺഫെർഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഡിസംബർ പതിനഞ്ചിന് പുറത്തിറക്കിയ പ്രസ്താവനയിൽ ചോദിച്ചു. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസിന് ആമസോൺ ഇന്ത്യയിലെ ഉദ്യോഗസ്ഥനായ രാകേഷ് ബക്ഷി അയച്ച ഇ- മെയിലിന്റെ ഉള്ളടക്കവും ഇവർ പുറത്തു വിട്ടു
ഫ്യൂച്ചർ ഗ്രൂപ് തങ്ങളുടെ ആസ്തികൾ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നല്കാൻ തീരുമാനിച്ചതിന് ശേഷം രാജ്യത്തെ കോടതികളിൽ ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിൽ നിയമപോരാട്ടങ്ങൾ തുടരവെയാണ് കോമ്പറ്റീഷൻ കമ്മീഷന്റെ നടപടി.
