KERALA
മണ്ണുത്തിയും തൃശൂരും തൊടാതെ പാലക്കാട് ടു കൊച്ചി; മലയോര ഹൈവേ കുതിപ്പിന് തുടക്കം


പട്ടിക്കാടുമുതൽ വിലങ്ങന്നൂർവരെ റോഡ് നിർമാണത്തിന് 21.05 കോടിയാണ് അനുവദിച്ചത്. റോഡിൽ നിലവിലുള്ള യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിന് 88 ലക്ഷം രൂപ വാട്ടർ അതോറിറ്റിയും 13 ലക്ഷം രൂപ കെഎസ്ഇബിയും വകയിരുത്തി. റോഡ് വീതികൂട്ടി ടാറിങ് ആരംഭിച്ചു.
രണ്ടാംഘട്ടത്തിന് വിലങ്ങന്നൂർമുതൽ മാന്നാമംഗലം, പുലിക്കണ്ണി, വെള്ളിക്കുളങ്ങരവരെ 136.50 കോടി രൂപയ്‌ക്ക് കിഫ്‌ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു. മൂന്നാംഘട്ടം വെള്ളിക്കുളങ്ങരമുതൽ വെറ്റിലപ്പാറ എറണാകുളം അതിർത്തിവരെയാണ്. ഇതിനും കിഫ്ബി വഴി 80.57 കോടിയുടെ സാമ്പത്തിക, സാങ്കേതിക അനുമതിയായി. 12 മീറ്ററിൽ രണ്ടുവരിപ്പാതയായി നിലവിലുള്ള റോഡാണ് വികസിപ്പിച്ചത്. പാതയ്‌ക്കായി ജനങ്ങൾ സൗജന്യമായി ഭൂമി വിട്ടുനൽകിവരികയാണ്. വനഭൂമി ഏറ്റെടുക്കാനുള്ള നടപടികളും പൂർത്തീകരിച്ചുവരികയാണ്.
പട്ടിക്കാട് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർ ബിന്ദു പരമേശ്വരൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ ഇ ഐ സജിത്ത്, അസിസ്റ്റന്റ് എൻജിനിയർ മാൻസൺ മാത്യു, പ്രോജക്ട് എൻജിനിയർ അനിൽ വിത്സൻ, സൈറ്റ് സൂപ്പർവൈസർ ഡിക്സൻ എന്നിവർ സംസാരിച്ചു.
