മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് രണ്ട് ജീവൻ;പാതി വഴിയിൽ മുടങ്ങിയ പദ്ധതിയുടെ തിരിച്ച് വരവിന് വഴിയൊരുക്കണം
കുറ്റിപ്പുറം:കൈയിലുള്ള ബട്ടൺ ഒന്നമർത്തിയാൽ അടുത്തവീട്ടിൽ അലാറം മുഴങ്ങും, സഹായത്തിനായി അടുത്തവീട്ടുകാരോ പോലീസോ വരും. ഒറ്റയ്ക്കു താമസിക്കുന്നവരെ സഹായിക്കാനായി ഒരുവർഷം മുൻപ് കുറ്റിപ്പുറം പോലീസ് ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു ഇത്.
കുറ്റിപ്പുറം നടുവട്ടത്ത് 62 വയസ്സുള്ള കുഞ്ഞിപ്പാത്തുമ്മയ്ക്കും തവനൂരിൽ 70 വയസ്സുള്ള ഇയ്യാത്തുട്ടി ഉമ്മയ്ക്കും മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ജീവൻ നഷ്ടമായത് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ്. ആ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഒരുപക്ഷേ, രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരൻമാർക്ക് സഹായം ലഭ്യമാക്കാനായി കുറ്റിപ്പുറം സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ശശീന്ദ്രൻ മേലയിലിലാണ് ‘കെയറിങ് ബെൽ’ എന്ന പദ്ധതിക്കു തുടക്കമിട്ടത്.
കോവിഡും മഴക്കാലവും പരിഗണിച്ചായിരുന്നു അന്ന് പോലീസ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അസുഖംമൂലം എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാലോ മറ്റു അത്യാവശ്യഘട്ടത്തിലോ പെട്ടെന്ന് ഫോൺചെയ്യാൻ വയോധികർക്കു കഴിയില്ല. ഇത്തരം സാഹചര്യത്തിൽ അവരുടെ കൈവശമുള്ള ബട്ടൺ അമർത്തിയാൽ അടുത്തവീട്ടിൽ അലാറം മുഴങ്ങുന്ന സംവിധാനമാണ് പോലീസ് ഒരുക്കിയത്. മോഷ്ടാക്കളോ മറ്റോ വീട്ടിലെത്തിയാൽ പരിഭ്രമംമൂലം പലർക്കും ഫോൺ ചെയ്യാനാകാറില്ല. ഈ സന്ദർഭത്തിലും കൈവശമുള്ള ബട്ടൺ അമർത്തി അയൽവാസികളോട് സഹായാഭ്യർഥന നടത്താം. ഒറ്റയ്ക്കു താമസിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുകയും മൂന്നിടത്ത് സംവിധാനം സ്ഥാപിക്കുകയുംചെയ്തു. നൂതന ആശയം നടപ്പാക്കിയ ഇൻസ്‌പെക്ടർ സ്ഥലംമാറിപ്പോയതോടെ പദ്ധതി നിലച്ചു.
ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് രാത്രികാലങ്ങളിൽ എന്തെങ്കിലും പ്രയാസമനുഭവപ്പെട്ടാൽ പോലീസ് കുതിച്ചെത്തുന്ന സ്നേഹസ്പർശം പദ്ധതിയും ഫലംകണ്ടില്ല. ലാൻഡ് ഫോണിന്റെ റിസീവർ പൊക്കിയാൽ പോലീസ് ഉടനെത്തുന്നതായിരുന്നു പദ്ധതി. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവുപ്രകാരമായിരുന്നു സ്നേഹസ്പർശം തുടങ്ങിയത്. സാങ്കേതിക കാരണങ്ങളിൽ കുടുങ്ങി സ്നേഹസ്പർശം താളംതെറ്റി. മലപ്പുറത്താകട്ടെ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിട്ടുപോലുമില്ല. അടുത്തടുത്ത ദിവസങ്ങളിലായി ഒറ്റയ്ക്കുതാമസിക്കുന്ന വയോജനങ്ങൾക്ക് നേരെ അതിക്രമം കൂടുന്നത് ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നു.