EDAPPAL

മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ

എടപ്പാൾ: പൊന്നാനി കളരിയിലെ മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. പൊന്നാനി ‘സുന്ദരികളും സുന്ദരൻ’മാരും ‘ഉമ്മാച്ചു’വും സൃഷ്ടിച്ച തൂലികയുടെ ഓർമകൾ നിറയുന്നു. ഉറൂബ്‌ (പി സി കുട്ടികൃഷ്ണൻ) വിടവാങ്ങിയിട്ട്‌ ഞായറാഴ്‌ച 43 വർഷം. 1979 ജൂലൈ 10നായിരുന്നു ഉറൂബിന്റെ നിര്യാണം. പൊന്നാനി കളരിയിലെ ഈ മഹാപ്രതിഭക്ക്‌ ഇനിയും അർഹമായ സ്മാരകം ഉയരാത്തത് വലിയ അപചയമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ പറയുന്നു. ‘‘ഉറൂബിനെ നേരിട്ട് കണ്ടിട്ടില്ല. താൻ എഴുതിയ കഥ ആഴ്ചപ്പതിപ്പിലേക്ക് തിരഞ്ഞെടുത്തത് ഉറൂബാണ്. 1979ൽ ഉറൂബിന്റെ മരണശേഷം സ്മരണാഞ്ജലിയായി ഇറങ്ങിയ പതിപ്പിലാണ് അത് പ്രസിദ്ധീകരിച്ചത്‌’’–- ലീലാകൃഷ്ണൻ ഓർത്തു. ‘‘പൊന്നാനി ടൗണിൽ ലൈബ്രേറിയനായിരുന്ന കെ ഉമ്മർകുട്ടിയുടെ നേതൃത്വത്തിൽ ഉറൂബിന്റെ പേരിൽ വായനശാല ഒരുക്കിയെങ്കിലും അത് സജീവമല്ല. ജന്മദേശമായ പൊന്നാനി പള്ളപ്രം ഭാഗത്തിന്‌ ഉറൂബ്നഗർ എന്ന പേരുമാത്രമാണ് സ്‌മരണക്കായി ഉള്ളത്‌. സ്മാരകം നിർമിക്കാൻ കോട്ടത്തറയിൽ എം ടി അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ജനകീയ സമിതി രൂപീകരിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സർക്കാർ സഹകരണത്തോടെ ജനകീയ സ്മാരകം ഉയരണം’’–- ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. 1915ൽ പാറുകുട്ടിയമ്മയുടെയും കരുണാകരമേനോന്റെയും മകനായാണ്‌ പരത്തുള്ളി ചാലപ്പുറത്ത് പി സി കുട്ടികൃഷ്ണന്റെ ജനനം. പൊന്നാനി കളരിയെ സമ്പുഷ്ടമാക്കിയ ഇടശ്ശേരി, കുട്ടികൃഷ്ണമാരാർ, കടവനാട് കുട്ടികൃഷ്‌ണൻ, ഇ നാരായണൻ തുടങ്ങിയവർക്കൊപ്പമായിരുന്നു സാഹിത്യയാത്ര. സർക്കാർ ഉദ്യോഗസ്ഥനായി ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് ഉറൂബ് എന്ന തൂലികാനാമം സ്വീകരിച്ചത്.പൊന്നാനിയുടെ പ്രിയകവി ഇടശ്ശേരിയേക്കാൾ 10 വയസിനുതാഴെയാണ് ഉറൂബ്. തനിക്ക് ദിശാബോധം നൽകിയ മൂത്തസഹോദരനും ഗുരുതുല്യനുമായിരുന്നു ഇടശ്ശേരിയെന്ന് ഉറൂബ് പറഞ്ഞിരുന്നതായി മകൻ സുധാകരനും ഓർക്കുന്നു. പൊന്നാനി കളരിയിലെ പ്രധാന കേന്ദ്രമായ ഭാരതപ്പുഴയോരത്തെ മോത്തിലാൽ ഘട്ടിലായിരുന്നു എഴുത്തുകാരുടെ ഒത്തുചേരൽ. നിരവധി കൃതികളാണ് നിളയോരത്ത് പിറന്നത്. അവരവരുടെ കൃതികൾ ഇവിടെ പരസ്പരം അവതരിപ്പിക്കും. മുഖം നോക്കാതെ അഭിപ്രായം പറയും. കുട്ടികൃഷ്ണമാരാരായിരുന്നു മുന്നിൽ. വേലക്കാരിയുടെ ചെക്കൻ എന്ന ചെറുകഥ മാരാർക്കേറെ ഇഷ്ടപ്പെട്ടു. മാരാരുടെ അഭിനന്ദനം കവിതയിൽനിന്ന് കഥയിലേക്ക് പറിച്ചുനട്ടുവെന്ന് ഉറൂബ് പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button