MALAPPURAM
മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; വാടക വീട്ടിൽനിന്നും 18 കിലോ പിടികൂടി.

മഞ്ചേരി: മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. നറുകര കൂടക്കരയിലെ വാടക വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 18.019 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
വീട് വാടകക്കെടുത്തിരുന്ന നറുകര പള്ളിയാളി ഉച്ചപള്ളി വീട്ടിൽ മൊയ്തീൻകുട്ടി സംഭവ സമയത്ത് സ്ഥലത്തില്ലാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം എക്സൈസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പ്രതിക്കെതിരെ അന്വേഷണം ഊർജിതമാക്കി. നറുകര വില്ലേജ് ഓഫിസർ ഉമ്മർ, നഗരസഭാ കൗൺസിലർ സലീന എന്നിവരുടെ സാന്നിധ്യത്തിൽ വീട് തുറന്നാണ് എക്സൈസ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ വി.പി. ജയപ്രകാശ്, പ്രിവൻറീവ് ഓഫിസർമാരായ മനോജ് കുമാർ, എം.എൻ. രഞ്ജിത്ത്, സിവിൽ എക്സ് ഓഫിസർമാരായ ടി.കെ സതീഷ്, ഹരിഷ്ബാബു, ശ്രീജിത്ത്, സജിത, ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘം പരിശോധനക്ക് നേതൃത്വം നൽകി.
