KERALA

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം, ഉറ്റവരുറങ്ങുന്ന മണ്ണില്‍ നെഞ്ചുലയുന്ന വിതുമ്പലോടെ പ്രാര്‍ത്ഥന; മകനെ തിരക്കി ഷെമീന

തിരുവനന്തപുരം: ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ അരുമ മകനും, ഉമ്മ, ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇളയമകന്‍ അഫ്‌സാന്റെ ഖബറിന് മുന്നിലെത്തിയ റഹിം പൊട്ടിക്കരഞ്ഞു.
വീഴാന്‍ പോയ റഹിമിനെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് കുറച്ചു സമയം ഖബറിന് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും ഉസ്താദ് അടക്കമുള്ള പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്. ഇവിടെ നിന്നാണ് ഉറ്റവരെ അടക്കിയ ഖബറിന് സമീപത്തേക്ക് എത്തുന്നത്.

നാട്ടിലെത്തിയ അബ്ദു റഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ കണ്ടു. മകന്‍ അഫാനെ രക്ഷിക്കുന്ന നിലപാടാണ് റഹീമിനോടും ഷെമിന ആവര്‍ത്തിച്ചത്. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോട് പറഞ്ഞത്. ഇളയമകന്‍ അഫ്‌സാന്‍ എവിടെയെന്ന് ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു. ആദ്യം ബന്ധുക്കള്‍ക്കൊപ്പവും, പിന്നീട് ഒറ്റയ്ക്കും റഹിം ഭാര്യയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചു.
അഫ്‌സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.
ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിയുന്നതിനിടയിലാണ് ഇടിത്തീയായി ബന്ധുക്കളുടെ കൂട്ടമരണ വാര്‍ത്ത അറിയുന്നത്. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അബ്ദു റഹീമിന് നാട്ടിലെത്താന്‍ തുണയായത്. നാട്ടിലെത്താന്‍ സഹായിച്ച ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് വിമാനമിറങ്ങിയ റഹീം ആദ്യം പോയത്. തുടര്‍ന്നാണ് കുടുംബ വീട്ടിലേക്കെത്തിയത്.

കൂട്ടക്കൊല കേസിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യത എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button