NATIONAL

ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇന്ന് 37 വയസ്

ഭോപ്പാല്‍ വാതക ദുരന്തത്തിന് ഇന്ന് 37 വയസ്. 1984 ഡിസംബര്‍ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലില്‍ പതിനായിരത്തിലധികം ജീവനുകളാണ് പൊലിഞ്ഞത്. മൂന്നര പതിറ്റാണ്ടിനിപ്പുറം ഭോപ്പാല്‍ ദുരന്തം സൃഷ്ടിച്ച ദുരന്തങ്ങള്‍ക്ക് ഇപ്പോഴും അറുതിയായിട്ടില്ല.

കണ്ണുകളില്‍ നീറ്റലനുഭവപ്പെട്ട് തെരുവുകളിലേക്ക് ഓടിയകലുന്ന മനുഷ്യരെ കൊണ്ട് വിവരാണീതമായിരുന്നു ആ രാത്രി. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ മരിച്ചുവീണു. മണിക്കൂറുകള്‍ക്ക് ശേഷം നേരം പുലര്‍ന്നപ്പോഴേക്കും ഭോപ്പാല്‍ ശവപ്പറമ്പായി മാറിയിരുന്നു. 3,787 മരിച്ചെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുമ്പോള്‍ മരണസംഖ്യ പതിനായിരം കടന്നെന്ന് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണ ശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിനിടെ മീഥെയ്ന്‍ ഐസോസൈനയ്ഡ് സൂക്ഷിച്ചിരുന്ന സംഭരിണിയില്‍ വെള്ളം കയറിയതായിരുന്നു ദുരന്തത്തിന്റെ തുടക്കം. രാത്രി 10.30 ഓടെ സംഭരണിയില്‍ നിന്ന് വിഷവാതകംഭോപ്പാലിന്റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു…. മൂന്നര പതിറ്റാണ്ടിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ല. അര്‍ബുദ രോഗങ്ങളോട് മല്ലിടുന്നവര്‍, വൈകല്യങ്ങള്‍ ബാധിച്ചവര്‍, അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായവര്‍.. ഇങ്ങനെ ദുരന്തത്തിന്റെ വേട്ടയാടലുകള്‍ ഭോപ്പാലിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അര്‍ഹമായ നഷ്ടപരിഹാരത്തിനായി ഇപ്പോഴും നിരവധി പേര്‍ നിയമപോരാട്ടത്തിലാണ്. യൂണിയന്‍ കാര്‍ബൈഡ് കമ്പനി നാമമാത്രമായ നഷ്ടപരിഹാരം നല്‍കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സിഇഒ വാരെന്‍ ആന്‍ഡേഴ്‌സണ്‍ പിന്നീട് ഇന്ത്യയില്‍ കാല്‍കുത്താതെ രക്ഷപെട്ടു. ദുരന്തമേല്‍പ്പിച്ച ആഘാതം മനസിലും ശരീരത്തിലും ഏറ്റുവാങ്ങി പതിനായിരക്കണക്കിന് പേരാണ് ഭോപ്പാലില്‍ ഇന്നും ദുരന്ത ജീവിതം നയിക്കുന്നത്.


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button