ഭാരപരിശോധന 15നു ശേഷം മാത്രം; എടപ്പാൾ മേൽപാലം ഉദ്ഘാടനം ഇനിയും വൈകും

എടപ്പാൾ: മേൽപാലത്തിലെ ടാറിങ് ജോലികൾ പൂർത്തിയായപ്പോൾ അടുത്ത കടമ്പ ഭാരപരിശോധന. ഇതുകൂടി പൂർത്തീകരിച്ച ശേഷം മാത്രമേ പാലം തുറന്നുനൽകൂ എന്ന നിലപാടിലാണ് അധികൃതർ. 15നും 18നും ഇടയിൽ ഭാരപരിശോധന നടത്താനാണ് നിലവിലെ തീരുമാനം. അതുകൊണ്ടുതന്നെ പാലം ഗതാഗതത്തിന് തുറന്നുനൽകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
പരിശോധന വേഗത്തിൽ പൂർത്തീകരിക്കാൻ ആർബിഡിസികെ അധികൃതർ ഏജൻസിയുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 15നു ശേഷമുള്ള തീയതിയാണ് നൽകിയത്. ഒട്ടേറെ തവണ മാറ്റിവച്ച ഉദ്ഘാടനം ടാറിങ് പൂർത്തിയായതോടെ ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ടാറിങ് കഴിഞ്ഞ് നിശ്ചിത സമയത്തിനുശേഷം പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടില്ലെങ്കിൽ ടാറിങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉദ്ഘാടനം വൈകുമെങ്കിലും ഇതിനോടകം ശേഷിക്കുന്ന ജോലികൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾ ആർബിഡിസികെ അധികൃതർ ആരംഭിച്ചു. അവസാനവട്ട പെയിന്റിങിന് ഇന്നലെ തുടക്കമായി. പാലത്തിനു താഴെ ശേഷിക്കുന്ന ഭാഗങ്ങളിൽ പൂട്ടുകട്ട വിരിക്കലും ആരംഭിച്ചു. പാലത്തിലെ വൈദ്യുതവിളക്കുകൾക്കുള്ള കണക്‌ഷൻ അടുത്ത ദിവസം ലഭിക്കും. ശുചിമുറി – എയ്ഡ് പോസ്റ്റ് നിർമാണവും ഉടൻ തുടങ്ങും. വാട്ടർ ഫിൽറ്ററും ഉടൻ സ്ഥാപിക്കും. നിർമാണ പുരോഗതി വിലയിരുത്താൻ ആർബിഡിസികെ ഉന്നത ഉദ്യോഗസ്ഥർ ഇന്നലെ സ്ഥലം സന്ദർശിച്ചു.
