NATIONAL

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം.

ഭവാനിപൂര്‍ മണ്ഡലത്തില്‍ മമത ബാനര്‍ജിക്ക് ഉജ്ജ്വല ജയം. 58,389 വോട്ടുകള്‍ക്കാണ് മമത ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂര്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. ജങ്കിപ്പൂരിലും ഷംഷേര്‍ഗഞ്ചിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒഡീഷയിലെ പിപ്പിളിയില്‍ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി ബിജെഡി സ്ഥാനാര്‍ത്ഥിയാണ് ഒന്നാമത്. തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം 80 വാര്‍ഡുകളില്‍ സംസ്ഥാന, ദേശീയ നേതാക്കളെ ചുമതല ഏല്പിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നടത്തിയതെങ്കിലും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ബിജെപിക്ക്് തിരിച്ചടിയാവും. ദേശീയരാഷ്ട്രീയം സജീവമായി ഉറ്റുനോക്കിയിരുന്ന ഉപതെരഞ്ഞെടുപ്പായിരുന്നു ഭവാനിപ്പൂര്‍ മണ്ഡലത്തിലേത്.

അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനായി ബംഗാളില്‍ വിജയാഘോഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനോട് യാതൊരു ആഹ്ലാദപ്രകടനവും അനുവദിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മീഷന്‍ ഉത്തരവ് ലംഘിച്ച് വിവിധയിടങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

മേയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് മണ്ഡലമായ ഭവാനിപൂര്‍ വിട്ട് നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്. രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂര്‍. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്നാണ് മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപൂര്‍, സംസേര്‍ഗഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടര്‍മാരാണുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button