ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍

എടപ്പാള്‍ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. തട്ടിപ്പിനു ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ കൊണ്ടോട്ടി മേലങ്ങാടി സ്വദേശി അജുമല്‍ കുമ്മാളില്‍ (41), തൃപ്പനച്ചി സ്വദേശി മനോജ് കണ്ടമങ്ങലത്ത് (42), അരീക്കോട് സ്വദേശി എൻ.പി. ഷിബിലി (44) എന്നിവരെയാണ് പിടിയിലായത്.
എടപ്പാള്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നും നമ്പർ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്.
തുടർന്ന് മുംബൈ പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ചെയ്ത് പരാതിക്കാരിയോട് ആധാർ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. അതു കാണിച്ചപ്പോള്‍ കേസില്‍ ഉള്‍പ്പെട്ടതിന് അവരുടെ കൈയില്‍ തെളിവുകളുണ്ടെന്നും അറസ്റ്റുചെയ്ത് കൊണ്ടുപോകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
തുടർന്ന് പ്രതികള്‍ നല്‍കിയ വിവിധ അക്കൗണ്ടുകളിലേക്ക് 93 ലക്ഷം അയച്ചുകൊടുത്തു.ഈ കേസില്‍ തട്ടിപ്പിനു പ്രധാന പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയവരാണ് മൂന്നുപേരും. കേസില്‍ കോട്ടയം തലപ്പലം സ്വദേശി അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആല്‍ബിൻ ജോണിനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു.
