നാദാപുരത്ത് എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തി; പൊലീസ് സ്ഥലത്തെത്തി നീക്കം ചെയ്തു


കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ എം.എസ്.എഫ് കൊടിമരത്തിൽ അടിവസ്ത്രം ഉയർത്തിയ നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് സ്ഥാപിച്ച കൊടിമരത്തിലാണ് അടി വസ്ത്രം ഉയർത്തിയ നിലയിൽ കണ്ടത്. കൊടിമരത്തിലെ എം.എസ്.എഫിന്റെ കൊടി അഴിച്ച് മാറ്റിയാണ് അടിവസ്ത്രം കെട്ടിയത്. ഇന്ന് രാവിലയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.
കഴിഞ്ഞ ദിവസം നടന്ന സ്കൂൾ ഇലക്ഷനിൽ എം.എസ്.എഫിന് 3 സീറ്റുകൾ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനത്തിന് ശേഷമാണ് കൊടിമരം സ്ഥാപിച്ചത്. സംഭവം അറിഞ്ഞ് നാദാപുരം പൊലീസ് സ്ഥലത്തെത്തി അടിവസ്ത്രം നീക്കം ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് നാദാപുരം പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി നാദാപുരം
പൊലീസിൽ പരാതി നൽകി. പ്രതിഷേധ സൂചകമായി ഇന്ന് വൈകുന്നേരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
