‘വിദാദ്’ കൈപിടിച്ചു; കുടുംബജീവിതത്തിന്റെ തണലിലേക്ക് 20 യുവ ജോടികൾ


മേലാറ്റൂർ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ പൂർവവിദ്യാർഥി സംഘടനയായ ഓസ്‌ഫോജ്‌ന റിയാദ് കമ്മിറ്റിയുടെ തണലിൽ 20 യുവതികളുടെ മാംഗല്യസ്വപ്നം പൂവണിഞ്ഞു. വേങ്ങൂർ എംഇഎ എൻജിനീയറിങ് കോളജിൽ നടന്ന ‘വിദാദ് 23’ സമൂഹവിവാഹത്തിൽ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളിൽനിന്നുള്ള 18 മുസ്‌ലിം യുവതികൾക്കുമാണ് രണ്ട് ഹിന്ദു യുവതികൾക്കുമാണ് ജീവിതപങ്കാളികളെ ലഭിച്ചത്.സഫ മക്ക റിയാദ്, ശിഫ അൽ ജസീറ യുഎഇ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തിയ സമൂഹവിവാഹത്തിൽ വധുവിന് 10 പവൻ സ്വർണാഭരണവും വിവാഹവസ്ത്രവും വരന് മഹറായി ഒരു പവൻ സ്വർണവും വിവാഹവസ്ത്രവും നൽകി. ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ അനുഗ്രഹ പ്രഭാഷണവും ഏലംകുളം ബാപ്പു മുസല്യാർ പ്രാർഥനയും നിർവഹിച്ചു.പി.അബ്ദുൽ ഹമീദ് എംഎൽഎ, നാലകത്ത് സൂപ്പി, ഷാജി അരിപ്ര, വി.ശശികുമാർ, അബ്ദുസ്സമദ് പൂക്കോട്ടൂർ, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ബഷീർ ഫൈസി ചെരക്കാപറമ്പ്, സുലൈമാൻ ഫൈസി എന്നിവർ പ്രസംഗിച്ചു.
നിക്കാഹ് കർമത്തിന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, കെ.ആലിക്കുട്ടി മുസല്യാർ, പി.പി.ഉമർ മുസല്യാർ കൊയ്യോട്, ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, നാസർ ഹയ്യ് ശിഹാബ് തങ്ങൾ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, സാബിഖലി ശിഹാബ് തങ്ങൾ, പുത്തനഴി മൊയ്തീൻ ഫൈസി, ലിയാഉദ്ദീൻ ഫൈസി മേൽമുറി, അലവി ഫൈസി കുളപ്പറമ്പ്, മുഹമ്മദ് കുട്ടി ദാരിമി കോടങ്ങാട്, അബ്ദുൽ കരീം ഫൈസി, ഒഎംഎസ് തങ്ങൾ മണ്ണാർമല തുടങ്ങിയവർ നേതൃത്വം നൽകി. ഹൈന്ദവ വിവാഹച്ചടങ്ങുകൾക്ക് മണികണ്ഠ ശർമ കാർമികത്വം വഹിച്ചു.













