Local newsMALAPPURAM
പൊലീസ് കൈകാട്ടി നിർത്തിച്ച ലോറി റോഡ് ഇടിഞ്ഞ് മറിഞ്ഞു; അപകടത്തെച്ചൊല്ലി നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റം


കൊളത്തൂർ : പൊലീസ് വാഹന പരിശോധനയ്ക്ക് കൈകാണിച്ചപ്പോൾ സൈഡിലേക്ക് ഒതുക്കിനിർത്തുന്നതിനിടെ റോഡ് ഇടിഞ്ഞ് ടോറസ് ലോറി ഓവുചാലിലേക്കു മറിഞ്ഞു. കൊളത്തൂർ–വളാഞ്ചേരി റോഡിൽ വെങ്ങാട് എടയൂർ റോഡിനു സമീപം ഇന്നലെ രാവിലെയാണു സംഭവം. കരിങ്കല്ലുമായെത്തിയ ലോറിയാണു മറിഞ്ഞത്. ഡ്രൈവറും ക്ലീനറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന് വീതി കുറഞ്ഞ സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാഹന പരിശോധന കാരണമാണ് അപകടം ഉണ്ടായതെന്ന് സ്ഥലത്തു തടിച്ചുകൂടിയ നാട്ടുകാർ ആരോപിച്ചു. പൊലീസ് സംഘവും നാട്ടുകാരും തമ്മിൽ ഇതുസംബന്ധിച്ച് വാക്കേറ്റവും ഉണ്ടായി. റോഡിന്റെ ഈ ഭാഗങ്ങൾ പാടേ തകർന്നു കിടക്കുകയാണ്. അതേസമയം, വാഹന പരിശോധന മൂലമല്ല അപകടം നടന്നതെന്നും റോഡ് പരിശോധന സാധാരണ നടപടിക്രമം മാത്രമാണെന്നും പൊലീസ് അറിയിച്ചു.













