പൊലീസിന് ക്വോട്ട, 3 ദിനംകൊണ്ട് കോടികൾ ഖജനാവിലേക്ക്; രാഷ്ട്രീയക്കാരെ തൊടില്ല

തിരുവനന്തപുരം ∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും പൊലീസിന്റെ പിഴയീടാക്കല്‍ പതിവു പോലെ തുടരുന്നു. മൂന്നു ദിവസത്തിനിടെ 70,000ത്തോളം പേരാണ് നടപടി നേരിട്ടത്. ഓരോ സ്റ്റേഷനും ക്വോട്ട നിശ്ചയിച്ച് നല്‍കിയിരിക്കുന്നതാണ് സാധാരണക്കാര്‍ക്കെതിരായ വ്യാപക നടപടിക്ക് കാരണം. എന്നാല്‍ രാഷ്ട്രീയക്കാര്‍ ലോക്ഡൗണ്‍ ലംഘിച്ച കേസുകളിൽ നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കോവിഡ് നിയന്ത്രണ ലംഘനമെന്ന പേരില്‍ 20,709 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 3,951 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 45,279 പേരില്‍നിന്ന് പിഴ ഈടാക്കി. ഇതെല്ലാം ചേര്‍ന്നാല്‍ 69,000ത്തോളം പേരില്‍നിന്നായി 4 കോടിയിലേറെ രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലെത്തുന്നത്.
ശാരീരിക അകലമില്ലാത്ത രാഷ്ട്രീയ സമരങ്ങള്‍ ലോക്ഡൗണ്‍ ലംഘനമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം ഇടത്–വലത്–ബിജെപി നേതാക്കളെ പ്രതിയാക്കി 55 കേസുകളാണ് സമരങ്ങള്‍ക്കെതിരെ എടുത്തത്. പക്ഷേ പ്രതികളായ നേതാക്കളില്‍നിന്ന് ഒരു രൂപ പോലും പിഴയീടാക്കിയിട്ടില്ല. കേസെടുത്ത് കോടതിക്ക് കൈമാറുകയാണ് ചെയ്യുന്നത്.
രാഷ്ട്രീയക്കാരെ തൊടാതെ നാട്ടുകാരെ മാത്രം പിഴിയുന്നതിനും കാരണമുണ്ട്. ഓരോ സ്റ്റേഷനിലും പ്രതിദിനം കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. പണമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഓണക്കാലത്തും തുടരുന്ന നിര്‍ബന്ധിത കേസെടുക്കലില്‍ നാട്ടുകാർക്കു മാത്രമല്ല, പൊലീസിന്റെ താഴെത്തട്ടിലും വ്യാപക അമര്‍ഷമാണ്.
