പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് 5.17 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻറെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിക്ക് അന്തിമ രൂപമായി. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന വികസന സെമിനാറിൽ 5.17 കോടിയുടെ പദ്ധതിക്ക് അംഗീകാരം
നൽകി.ഭവനമേഖലയിൽ 81.76 ലക്ഷം രൂപയുടെയും കാർഷിക മേഖലയിൽ 64 ലക്ഷം രൂപയുടെയും വിദ്യാഭ്യാസ മേഖലയിൽ 52.25 ലക്ഷം രൂപയുടെയും ആരോഗ്യമേഖലയിൽ 32.95 ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് രൂപം നൽകിയത്. യുവാക്കളെ തൊഴിൽസംരംഭങ്ങളിലേക്ക് ആകർഷിക്കുന്നതിന് 24 ലക്ഷം രൂപയുടെ പദ്ധതികൾക്കും രൂപം നൽകി. ഇതിൽ 1.4 കോടി രൂപ പട്ടികജാതി വികസന പദ്ധതികളാണ്. പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നതപഠന സഹായത്തിനായി 10 ലക്ഷം രൂപയുടെയും പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് 28 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മിനി കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് 27.58 ലക്ഷം രൂപയും വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും വകയിരുത്തി.വികസന സെമിനാർ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.വി സുബൈദ, അസ്ലം തിരുത്തി, അബ്ദുൽ മജീദ്, സി.പി നസീറ എന്നിവർ ആശംസകളർപ്പിച്ചു. കരട് പദ്ധതി അവതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ഗായത്രി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ആർ രാജീവ് സ്വാഗതവും ടി.പി ശശികുമാർ നന്ദിയും പറഞ്ഞു.
