മുന്നറിയിപ്പ് പരിഗണിച്ചില്ല; പൊന്നാനി കോടതിക്കെട്ടിടം പൊളിഞ്ഞുതുടങ്ങി


പൊന്നാനി: കോടതിക്കെട്ടിടം അപകടത്തിൽ എന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയുള്ള പരിശോധനാ റിപ്പോർട്ട് തയാറാക്കിയിട്ട് 3 വർഷം. മുന്നറിയിപ്പ് അച്ചട്ടായി. കെട്ടിടം പല ഭാഗത്തും പൊളിഞ്ഞു തുടങ്ങി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. ‘പൂർണമായി പൊളിയട്ടെ.. എന്നിട്ടു മാറാമെന്ന’ നിലപാടിലാണ് അധികൃതർ. പതിറ്റാണ്ടുകൾ പഴക്കമുള്ള കോടതിക്കെട്ടിടം പൂർണമായ തകർച്ചയിലേക്കു നീങ്ങുകയാണിപ്പോൾ.
താൽക്കാലികമായി മറ്റൊരു കെട്ടിടത്തിലേക്ക് കോടതി പ്രവർത്തനം മാറ്റുന്നതിന് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും അവിടെയും നടപടികൾക്ക് ഒച്ചിന്റെ വേഗമാണ്. കോടതിയിലേക്കും കെട്ടിടത്തിലെ മറ്റ് സർക്കാർ ഓഫിസുകളിലേക്കും വരുന്നവർ നെഞ്ചിടിപ്പോടെയാണ് അകത്തുനിൽക്കുന്നത്. കാറ്റ് വീശിയാൽ.. മഴക്കാറുകണ്ടാൽ.. പിന്നെ അകത്തെ ജീവനക്കാരുടെ നെഞ്ചിടിപ്പ് കൂടും.
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിയുടെ സീലിങ് അടർന്നു വീണപ്പോൾ ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതായത്.ഓഫിസ് സമയത്തായിരുന്നെങ്കിൽ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയിലെ ചോർച്ചയൊഴിവാക്കാൻ ആവുന്നത്ര പൊടിക്കൈകൾ ചെയ്തിട്ടും ഫലമുണ്ടായിട്ടില്ല. മഴ തിമിർത്തുപെയ്താൽ അകം ചോർന്നൊലിക്കും.
കെട്ടിടത്തിൽ വലിയ മരങ്ങൾ വരെ വളർന്നുകൊണ്ടിരിക്കുന്നു. ചുമരുകൾ വിണ്ടുകീറി. വൈദ്യുതീകരണ സംവിധാനങ്ങൾ തകരാറിലായി. മഴക്കാലത്ത് ചുമരിൽ തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവം ഉദ്യോഗസ്ഥർ പറയുന്നു. പുതിയ കെട്ടിടത്തിന് സ്ഥലം കണ്ടെത്താനും താൽക്കാലിക കെട്ടിടത്തിലേക്ക് കോടതിയുടെ പ്രവർത്തനം മാറ്റാനുമുള്ള നടപടികൾ വേഗത്തിലായില്ലെങ്കിൽ ചരിത്ര സ്മാരകം വൻദുരന്തത്തിൽ കലാശിക്കുമെന്ന് നാട്ടുകാർ പറയുന്നു.
