മലക്കപ്പാറ ഉല്ലാസയാത്രക്ക് തയ്യാറെടുത്ത് പൊന്നാനി കെ എസ് ആർ ടി സി
പൊന്നാനി : പൊന്നാനിയിൽനിന്നും ആരംഭിക്കുന്ന മലക്കാപ്പാറ കെ.എസ്.ആർ.ടി.സി യാത്രക്കു മികച്ച പ്രതികരണം. ഞായറാഴ്ചയാണ് ആദ്യ സർവിസ് ആരംഭിക്കുക. കാട്ടിലൂടെയുള്ള മലക്കപ്പാറ യാത്ര കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനുള്ള അവസരമാണ് പൊന്നാനി കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ യാത്ര പൊന്നാനി കെ എസ് ആർ ടി സി പ്രഖ്യാപിച്ചത്.
അതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങൽക്കുത്ത്.ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവയും യാത്രയിൽ അടുത്തറിയാനാകും.
ഉല്ലാസയാത്രക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കെ എസ ആർ ടി സി ഓഫിസിൽ നിന്നും അറിയിച്ചു
കാടിനെ അടുത്തറിയാൻ കാട്ടിലൂടെയൊരു യാത്ര.
============================================
പ്രകൃതിയുടെ വശ്യ സൗന്ദര്യം വിളിച്ചോതുന്നതാണ് അതിരപ്പിള്ളി – മലക്കപ്പാറ റൂട്ട്. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലെ തേയിലതോട്ടങ്ങളോട് സാമ്യം തോന്നിക്കുന്ന തേയിലത്തോട്ടങ്ങളും, നനവുള്ള കാറ്റും , യുവ മിഥുനങ്ങളെ പോലെ ഒരുമിച്ചു ചേർന്ന് കടന്നുവരുന്ന മഞ്ഞും മഴയും , മല നിരകളും , കൊച്ചു കൊച്ചു വീടുകളും ,അങ്ങിങ്ങ് അലഞ്ഞു നടക്കുന്ന പശുക്കളും ഒക്കെ ആയി ഒരു സുന്ദര ഗ്രാമമാണ് മലക്കപ്പാറ. കേരളം തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് മലക്കപ്പാറ. കാടിന്റെ വശ്യ സൗന്ദര്യവും കാട്ടരുവികളുടെ സംഗീതവും താഴ്വാരങ്ങളുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാൻ മലക്കപ്പാറ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നു. ചാലക്കുടിയിൽ നിന്ന് അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മലക്കപ്പാറയിലെത്തുന്നത്. മലമ്പാതയിലൂടെയുള്ള യാത്രയിൽ ആന, മാൻ, കുരങ്ങ്, തുടങ്ങിയ വിവിധ വന്യജീവികളെയും അടുത്ത് കാണാൻ കഴിയുമെന്നതിനാൽ സഞ്ചാരികൾക്ക് മലക്കപ്പാറയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണ്. മൂന്നാറിലെ അതേ കാലാവസ്ഥയാണ് മലക്കപ്പാറയിലെന്നും സഞ്ചാരികൾ അഭിപ്രായപ്പെടുന്നു.