പൊന്നാനിയിൽ കപ്പലെത്താൻ ഇനി ആയിരം ദിവസം കൂടി ബാക്കി


പൊന്നാനി: പൊന്നാനിയിൽ നിർമിക്കുന്ന കപ്പൽ ടെർമിനലിന്റെ 90 കോടിയുടെ പ്രൊപ്പോസൽ ഉൾപ്പെടുന്ന ഡിപിആർ ഹാർബർ എൻജിനിയറിങ് വകുപ്പ് മാരിടൈം ബോർഡിന് സമർപ്പിച്ചു. പഴയ ജങ്കാർ ജെട്ടിക്കുസമീപമാണ് മൾട്ടിപ്പർപ്പസ് കപ്പൽ ടെർമിനൽ നിർമിക്കുക. ആദ്യഘട്ടത്തിൽ100 മീറ്റർ വാർഫും കോമ്പൗണ്ട് വാളും നിർമിക്കും. കപ്പലടുപ്പിക്കുന്നതിനായി ആഴംകൂട്ടും. നിലവിൽ നാല് മീറ്റർ ആഴമാണുള്ളത് ഇത് ഡ്രജിങ് ചെയ്ത് ആറ് മീറ്ററാക്കി മാറ്റും.
ഐസ് പ്ലാന്റ് മുതൽ തുറമുഖംവരെയുള്ള ഒന്നര കിലോമീറ്ററിൽ ആറ് മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമിക്കും. കൊച്ചി പോർട്ടിന്റെ രീതിയിൽ ചരക്കുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന വലിയ ക്രയിനുകൾ ഉൾപ്പെടുന്ന സംവിധാനത്തോടെ ഭാവി പദ്ധതികൂടി മുൻകൂട്ടികണ്ടുള്ള ഡിപിആറാണ് തയ്യാറാക്കിയത്. കേന്ദ്ര, സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. പുതിയ ഫിഷിങ് ഹാർബറിനുസമീപം നിർമിക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഹാർബർ വികസനത്തിന് 24 കോടിയുടെ പദ്ധതി അനുവദിച്ചതോടെയാണ് കപ്പൽ ടെർമിനൽ അഴിമുഖത്തിനു സമീപത്തേക്ക് മാറ്റിയത്.
ഹാർബർ എൻജിനിയറിങ് വകുപ്പാണ് ഇതിന്റെ സാധ്യതാ പഠനം നടത്തിയത്. അഴിമുഖത്തിന് സമീപമായതിനാൽ കപ്പൽ സഞ്ചാരം എളുപ്പമാകുന്നതിനൊപ്പം മത്സ്യബന്ധന ബോട്ടുകൾക്ക് തടസമുണ്ടാകുകയുമില്ല. ചരക്ക് ഗതാഗതം, യാത്ര, ക്രൂയിസ് കപ്പൽ തുടങ്ങി മൾട്ടിപ്പർപ്പസ് സംവിധാനത്തോടെയാണ് നിർമാണം. കപ്പൽ ടെർമിനലിനായി രണ്ടരക്കോടി രൂപ സർക്കാർ നീക്കിവച്ചിട്ടുണ്ട്. പൊന്നാനിയുടെ സ്വാഭാവിക ആഴം നാല് മീറ്ററിലധികമായതിനാൽ വലിയ സാമ്പത്തിക ചെലവില്ലാതെ പദ്ധതി യാഥാർഥ്യമാക്കാം. കേന്ദ്ര, സംസ്ഥാന അംഗീകാരം ലഭിച്ചാൽ മൂന്ന് വർഷംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ponnaninews
