പൊന്നാനിയിലെ തെരുവുനായശല്യം; നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം


പൊന്നാനി : തെരുവുനായ വിഷയത്തെച്ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. നായ്ക്കളുടെ അക്രമം വർധിച്ചിട്ടും നഗരസഭ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ നിരവധിപേരെ കടിച്ചുപരിക്കേൽപ്പിച്ചിട്ടും നഗരസഭ മൗനത്തിലാണെന്നും കടിയേറ്റവർക്കുള്ള പ്രതിരോധ മരുന്നുകൾ താലൂക്കാശുപത്രിയിൽ ലഭ്യമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തെരുവുനായ നിയന്ത്രണ പദ്ധതി ഉടൻ നടപ്പാക്കുമെന്നത് വാഗ്ദാനം മാത്രമായി ഒതുങ്ങിയെന്നും അവർ കുറ്റപ്പെടുത്തി.
എന്നാൽ, ആവശ്യത്തിന് പ്രതിരോധ മരുന്നുകൾ താലൂക്കാശുപത്രിയിലുണ്ടെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞതോടെ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. കഴിഞ്ഞദിവസം തെരുവുനായ്ക്കളുടെ കടിയേറ്റവർക്കുപോലും കുത്തിവെപ്പ് ലഭിച്ചില്ലെന്ന് പ്രതിപക്ഷം പറഞ്ഞതോടെ വിഷയത്തിൽ ഉടൻ തീരുമാനമാക്കാമെന്ന് ചെയർമാൻ ഉറപ്പുനൽകി. പൊന്നാനി പടിഞ്ഞാറെക്കര ബോട്ട് സർവീസ് ആരംഭിക്കാനും തൊഴിൽസഭ നടത്താനും ആയുർവേദ ആശുപത്രി താത്കാലിക കെട്ടിടത്തിലേക്കു മാറ്റാനും യോഗത്തിൽ തീരുമാനമായി.
