പൊന്നാനിയിലെ ‘ടേക്ക് എ ബ്രേക്ക്’ തണലിടം പ്രവർത്തനസജ്ജമായി
പൊന്നാനിയിലെ ‘ടേക്ക് എ ബ്രേക്ക്’ തണലിടം പ്രവർത്തനസജ്ജമായി. ചന്തപ്പടി-ഉറൂബ് നഗർ റോഡിലാണ് ഉന്നത നിലവാരമുള്ള ശുചിമുറികളുള്ള ഈ വഴിയോര വിശ്രമ കേന്ദ്രം പൊതുജനങ്ങൾക്കും യാത്രക്കാർക്കുമായി തുറന്നിട്ടുള്ളത്. വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നലെ നിർവ്വഹിച്ചു.
സർക്കാരിന്റെ ‘നവകേരളം’ കർമ്മപദ്ധതിയിലുൾപ്പെടുത്തിയാണ് പൊതു ഇടങ്ങളിൽ ഉന്നത നിലവാരമുള്ള ശുചിമുറികൾ ഒരുക്കാനായി ‘ടേക് എ ബ്രേക്ക്’ പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിക്ക് ശുചിത്വ മിഷനാണ് ധനസഹായം നൽകുന്നത്. ദേശീയ-സംസ്ഥാന പാതയോരം, ബസ് സ്റ്റേഷനുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ഏതുസമയത്തും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ സുരക്ഷിതമായും ആധുനിക സൗകര്യങ്ങളോടെയും ഉപയോഗിക്കാവുന്ന ശുചിമുറികളാണ് ഈ പദ്ധതിയിലുള്ളത്.
പൊന്നാനിയിലെ ‘ടേക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം പ്രവർത്തനനിരതമായതോടെ നഗരത്തിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പു വരികയാണ്.