തിരൂർ : സെൻട്രൽ ജംഗ്ഷനിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി നിർമ്മാണത്തിലിരിക്കുന്ന അഴുക്കുചാൽ തകർന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് അഴുക്കുചാലുകൾ നവീകരിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും കുടിവെള്ള പൈപ്പുകൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തുറന്നതോടെയാണ് വെള്ളം ഒഴുകി സിമന്റ് ഒലിച്ചു പോയത്. ഉടൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പൈപ്പ് പൊട്ടി വെള്ളം സമീപത്തെ കടകളിലേക്കും ട്രാൻസ്ഫോർമറിലേക്കും തെറിച്ചു. ഒരു മണിക്കൂർ കഴിഞ്ഞാണ് ഉദ്യോഗസ്ഥർ കുടിവെള്ള വിതരണം നിർത്തിയത്. കുടിവെള്ളക്ഷാമം കാരണം ഏറെ പ്രയാസപ്പെടുന്ന കാക്കടവ്, കാഞ്ഞിരക്കുണ്ട്, കാനാത്ത്, ബസ്റ്റാന്റിന്റെ പിൻവശം എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത് . കുടിവെള്ള വിതരണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ട് വിതരണം പുനസ്ഥാപിക്കണമെന്നാണ് പൊതു ആവശ്യം.