Local newsMALAPPURAM

പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസ്; പ്രതിയെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : പെരിന്തൽമണ്ണ ചാരിറ്റി പീഡന കേസിൽ പ്രതി സൈഫുള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പെരിന്തൽമണ്ണയിൽ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ അതിജീവിതയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റിപ്പോർട്ടർ വാർത്തക്ക് പിന്നാലെയാണ് പൊലീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഐപിസി 376, 92 (b) വകുപ്പുകൾ പ്രകാരമാണ് കേസ്. ഭിന്നശേഷിക്കാരിയായ സ്ത്രീയ്ക്ക് എതിരായ പീഡനം, ബലാത്സം​ഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള വ്യാജ ട്രസ്റ്റിന്റെ മറവിലാണ് തട്ടിപ്പുകള്‍ നടക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ളക്കെതിരെ ഗുരുതര ആരോപണവുമായി ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തണലോര ശലഭങ്ങള്‍ എന്ന പേരിലായിരുന്നു വ്യാജ ട്രസ്റ്റിന്റെ പ്രവര്‍ത്തനം.

ഭീഷണിയും ഭയവും കാരണമാണ് പരാതി നല്‍കാത്തതെന്ന് ട്രസ്റ്റില്‍ അംഗമായിരുന്ന പെണ്‍കുട്ടി പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും നല്‍കിയാണ് ചൂഷണം ചെയ്തത്. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യം ഉണ്ടായെന്നും കൂട്ടായ്മയില്‍ അംഗമായിരുന്ന പെണ്‍കുട്ടി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളോടും അപമര്യാദയായി പെരുമാറിയതായും വെളിപ്പെടുത്തലുണ്ട്. പല വിധത്തില്‍ ഇയാള്‍ ചൂഷണം ചെയ്തിരുന്നുവെന്നും രക്ഷിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.സൈഫുള്ളക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഉയർന്നിട്ടുണ്ട്. വീൽചെയറിന് വേണ്ടി ഭിന്നശേഷിക്കാർ സമാഹരിച്ച പണവും ഭിന്നശേഷിക്കാരുടെ പേരിൽ പലരിൽ നിന്നായി സമാഹരിച്ച പണവും ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഇയാള്‍ തട്ടിയെടുത്തു എന്നാണ് ആരോപണം, സംഭവത്തിൽ രക്ഷിതാക്കൾ മന്ത്രി ആർ ബിന്ദുവിന് പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button