താനൂർ

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

തിരൂർ: പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി മകളുടെ വിവാഹത്തിനു കരുതിവച്ച സ്വര്‍ണവും പണവും തട്ടിയെടുത്ത യുവാവ് പിടിയില്‍. താനൂര്‍ സബ് ജില്ലയിലെ തലക്കടത്തൂര്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന നെടുവ സ്വദേശിനിയാണ് ഗുരു ശിഷ്യ സ്‌നേഹത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടത്.

ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ റംലത്ത് (മാളു -43) എന്നിവരാണ് പ്രതികള്‍. റംലത്തിന് അറസ്റ്റ് വാറണ്ടും നല്‍കി. തട്ടിയെടുത്ത പണവുമായി ഇവര്‍ കര്‍ണാടകയില്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. 21 പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയുമാണ് ഇവര്‍ തട്ടിയെടുത്തത്. ഫിറോസ് 1988- 89 അധ്യയന വര്‍ഷത്തെ ടീച്ചറുടെ പൂര്‍വ വിദ്യാര്‍ഥിയായിരുന്നു.

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് എത്തിയപ്പോഴായിരുന്നു ശിഷ്യന്റെ പരിചയം പുതുക്കല്‍ നടന്നത്. തുടര്‍ച്ചയായി വീട്ടിലെത്തി സൗഹൃദം നിലനിര്‍ത്തുകയും ചെയ്തു. പക്ഷാഘാതം ബാധിച്ചിരുന്നതായി പറഞ്ഞു അധ്യാപികയുടെ ദയ പിടിച്ചുപറ്റി. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും പറഞ്ഞു ഫലിപ്പിച്ചു. തുടര്‍ന്ന് ബിസിനസ് തുടങ്ങാന്‍ ഒരു ലക്ഷം രൂപ ആവശ്യമുണ്ടെന്നും 4000 രൂപ പലിശ നല്‍കാമെന്നും പറഞ്ഞു അധ്യാപികയില്‍നിന്ന് തുക കൈപ്പറ്റി. വീണ്ടും ഒരു ലക്ഷം രൂപ കൂടി വാങ്ങി. പലിശ തുക രണ്ടു തവണ കൃത്യമായി നല്‍കി ടീച്ചറുടെ വിശ്വാസം പിടിച്ചു പറ്റി. പിന്നീട് ബിസിനസ് വിപുലമാക്കാനാണെന്നു പറഞ്ഞു സ്വര്‍ണം ആവശ്യപ്പെട്ടതോടെ മകളുടെ വിവാഹത്തിനായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന 21 പവന്‍ സ്വര്‍ണവും അധ്യാപിക ഫിറോസിന് നല്‍കി. പിന്നീട് പലിശലഭിച്ചില്ല. തുടര്‍ന്നു വിളിച്ചപ്പോള്‍ ഫിറോസിന്റെ ഫോണ്‍ ഓഫ് ആയി. ഇതോടെയാണ് അധ്യാപികയ്ക്ക് താന്‍ കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നിയത്.

47 ലക്ഷം രൂപയോളമാണ് അധ്യാപികയ്ക്ക് നഷ്ടമായത്. മാസങ്ങളോളം ഫിറോസിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെയാണ് പോലീസില്‍ പരാതിപ്പെടുന്നത്. ഫിറോസ് കര്‍ണാടകയിലെ ഹാസനില്‍ ആര്‍ഭാട ജീവിതം നയിക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫിറോസിന്റെ വാഹനം കണ്ടെടുത്തതോടെയാണ് പ്രതി വലയിലായത്. 2019 മുതലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. രണ്ടാം പ്രതിയും ഭാര്യയുമായ റംലത്തുമായി എത്തി പണം കൈപറ്റിയത് വിശ്വാസ്യത ഉറപ്പ് വരുത്താനാണ്.

മകളുടെ വിവാഹത്തിന് ശേഖരിച്ച് വച്ച പണവും സ്വര്‍ണവും ആണ് ചതിയില്‍ തന്ത്രപൂര്‍വം തട്ടിയെടുത്തതെന്നാണ് പരാതി. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു. പരിചയപ്പെട്ട വിദ്യാര്‍ഥിയെ മകനെപ്പോലെ സ്നേഹിക്കുകയും അമ്മയോട് എന്ന പോലെ പെരുമാറുകയുമാണ് ചെയ്തതെന്നും ടീച്ചര്‍ പറയുന്നു. ഒരിക്കല്‍ ഫോണില്‍ കിട്ടിയപ്പോള്‍ വേണമെങ്കില്‍ കേസ് കൊടുക്കാനാണ് പ്രതി പറഞ്ഞതെന്നും വീണ്ടും വിളിച്ചപ്പോള്‍ ഗുണ്ടകളെ അയച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അധ്യാപികയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ ഫിറോസിനെ കോടതിയില്‍ ഹാജരാക്കി തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button