ശുകപുരം കുളങ്കര താലപ്പൊലി നാളെ

എടപ്പാൾ : രണ്ടാഴ്ചയായി നാടിന് ഉത്സവരാവുകൾ സമ്മാനിച്ച ശുകപുരം കുളങ്കര താലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച ഉത്സവത്തോടെ തിരശ്ശീല വീഴും. രാവിലെ വിശേഷാൽ പൂജകൾക്കുശേഷം ഒൻപതിന് ഓട്ടൻതുള്ളലോടെ ഉത്സവപ്പറമ്പുണരും.
ഉച്ചയ്ക്ക് മൂന്ന് ആനകളുടെ അകമ്പടിയോെട ഓങ്ങല്ലൂർ ശങ്കരൻകുട്ടിനായരുടെ നാഗസ്വരം, പല്ലാവൂർ ശ്രീധരൻ, ഏലൂർ അരുൺദേവ് വാരിയർ, ചേലേക്കര സൂര്യൻ, തുറവൂർ രാഗേഷ് കമ്മത്ത്, മച്ചാട്ട് പത്മകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം, ശുകപുരം രാമകൃഷ്ണന്റെ മേളം എന്നിവ നടക്കും.
തുടർന്ന് പൂതൻ, തിറ, കരിങ്കാളി, തെയ്യം, ബാൻഡ് വാദ്യം, ശിങ്കാരിമേളം, കാളവേല തുടങ്ങി വൈവിധ്യമാർന്ന വരവുകളും കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം എന്നിവരുടെ വെടിക്കെട്ടുകളും നടക്കും.
രാത്രി അത്താളൂർ ശിവൻ, ശുകപുരം ദിലീപ് എന്നിവരുടെ തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപ്പറ്റ്, തിരുവനന്തപുരം ജോസ്കോയുടെ ഗാനമേളയും പാതിരാതാലം, ആയിരത്തിരി എന്നിവയും നടക്കും. വെള്ളിയാഴ്ച പുരമുണ്ടേക്കാട് കൂത്തുത്സവത്തിന്റെ ഭാഗമായി കേളി, വട്ടംകുളം സി.എൻ. നമ്പീശൻ സ്മാരക അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ് എന്നിവ നടന്നു. ശനിയാഴ്ച മറയങ്ങാട്ട് കൂത്തുത്സവത്തിന്റെ ഭാഗമായി തായമ്പക, എഴുന്നള്ളിപ്പ്, നൃത്തനൃത്ത്യങ്ങൾ, പാവക്കൂത്ത് എന്നിവ നടക്കും.
