പാതിവില തട്ടിപ്പ്; ജില്ലയിൽ നഷ്ടമായത് 4.6 കോടി, പെരിന്തൽമണ്ണയിൽ മാത്രം 2.42 കോടിയുടെ തട്ടിപ്പ്

പെരിന്തൽമണ്ണ :പാതിവില തട്ടിപ്പു കേസിൽ മലപ്പുറം ജില്ലയിൽ നഷ്ടമായത് 4,65,48,618 രൂപ. 23 കേസുകളാണ് ഇതു വരെ പോലീസ് രജിസ്റ്റർചെയ്തത്. ഇതിൽമാത്രം 3,29,44,635 രൂപ നഷ്ടമായി. വേറേയും 311 പരാതികൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. 1,36,03,983 രൂപ നഷ്ടമായിട്ടുണ്ടെന്ന് ഈ പരാതികളിൽ പറയുന്നു. ഇതിലധികം രൂപ നഷ്ടമായിട്ടുള്ളതായാണു വിവരം. എന്നാൽ പോലീസിനു മുൻപിൽ ഇവരുടെ പരാതികൾ എത്തിയിട്ടില്ല. 35 പേർക്കെതിരേയാണ് കേസെടുത്തത്. രണ്ടുപേർ അറസ്റ്റിലായി.
പെരിന്തൽമണ്ണ സ്റ്റേഷനിലാണ് തട്ടിപ്പു സംബന്ധിച്ച് കൂടുതൽ പരാതികൾ ലഭിച്ചത്. പെരിന്തൽമണ്ണയിൽ ലഭിച്ച പരാതികൾ പ്രകാരം 2,42,75,800 രൂപ നഷ്ടമായി. കൊളത്തൂരിൽ 37,85,300, നിലമ്പൂരിൽ 39,62,000, മലപ്പുറത്ത് 1,27,800, മഞ്ചേരിയിൽ 1,14,335, കൊണ്ടോട്ടിയിൽ 60,000, വാഴക്കാട് 90,000, എടക്കരയിൽ 64,600, തിരൂരിൽ 1,93,000, പെരുമ്പടപ്പിൽ 10,57,500 എന്നിങ്ങനെയാണ് മറ്റു സ്റ്റേഷനുകളിലെത്തിയ പരാതികളിലെ നഷ്ടമായ തുക.
മലപ്പുറം കോട്ടക്കുന്ന് അഗ്രോ ആൻഡ് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ലിമിറ്റിഡ് സ്ഥാപനത്തിന്റെ ചെയർമാൻ കൊണ്ടോട്ടി സ്വദേശി ബഷീർ, ആൽ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ വാക്കാട് സ്വദേശി പാലക്കവളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ബഷീറിനെ മലപ്പുറം പോലീസാണ് അറസ്റ്റുചെയ്തത്. മലപ്പുറം സ്റ്റേഷനിൽ നാൽപ്പതോളം പരാതികളാണു ലഭിച്ചത്. ഇതിൽ കാടാമ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് മലപ്പുറം പോലീസ് കേസെടുത്തത്. എൻ.ജി.ഒ. കോൺഫെഡറേഷൻ കമ്യൂണിറ്റി ഡിവലപ്മെന്റ് ഇനീേഷ്യറ്റീവ് എന്ന സ്ഥാപനത്തിന്റെ സി.എസ്.ആർ. ഫണ്ട് സ്ത്രീശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തി, പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്നു പറഞ്ഞ് ബഷീർ യുവതിയിൽനിന്നു 65,900 രൂപ പണമായി കൈപ്പറ്റുകയായിരുന്നു. ഒക്ടോബർ 28-നാണ് പണം കൈപ്പറ്റിയത്. വാഗ്‌ദാനംചെയ്ത സ്‌കൂട്ടർ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ലെന്നാണു പരാതി.
ആൽ ഫൗണ്ടേഷൻ വഴി പാതിവിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്നു വാഗ്‌ദാനംനൽകി 2024 ജൂണിൽ തവണകളായി പരാതിക്കാരിയിൽനിന്ന് 63,000 രൂപ റിയാസ് കൈപ്പറ്റി. തട്ടിപ്പിനിരയായ അൻപതോളം സ്ത്രീകൾ ഇയാൾക്കെതിരേ പരാതിയുമായി തിരൂർ പോലീസിനെ സമീപിച്ചിട്ടുണ്ട്.
