IndiaLocal newsSPORTS

പാകിസ്താനെ തകര്‍ത്ത് ടി20 ലോകകപ്പ് സ്വന്തമാക്കി ഇംഗ്ലണ്ട്

മെല്‍ബണ്‍: പാകിസ്താനെ തകര്‍ത്ത് ടി20 ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലണ്ട്. പാകിസ്താന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റും 6 പന്തും ബാക്കിനിര്‍ത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്.സ്റ്റോക്‌സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ആദ്യ ഓവറില്‍ തന്നെ ഹെയ്ല്‍സിനെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദി ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാഴ്ത്തി. പിന്നീടെത്തിയ സാള്‍ട്ട് 10 റണ്‍സെടുത്ത് പുറത്തായതോടെ ടീം കൂടുതല്‍ സമ്മര്‍ദത്തിലാഴ്ത്തി. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം. ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ (26), ഹാരി ബ്രൂക്ക്‌സ് (20) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചാണ് പാകിസ്താന്‍ തുടങ്ങിയത്. ഷഹീന്‍ അഫ്രീദി, അലക്‌സ് ഹെയ്ല്‍സിന്റെ (1) കുറ്റി തെറിപ്പിച്ചു. നാലാം ഓവറില്‍ ഫിലിപ്പ് സാള്‍ട്ടിനെയും (10) അവര്‍ക്ക് നഷ്ടമായി. ആറാം ഓവറില്‍ ബട്ട്‌ലറെയും മടക്കി ഹാരിസ് റൗഫ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. 17 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 26 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. 23 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ബ്രൂക്ക്‌സ് മടങ്ങിയതിനു പിന്നാലെ മോയിന്‍ അലിയെ കൂട്ടുപിടിച്ച് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മോയിന്‍ 13 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത് പുറത്തായി.മത്സരത്തിനിടെ മുഖ്യ ബൗളര്‍ ഷഹീന്‍ അഫ്രീദിക്ക് പരിക്കേറ്റത് പാകിസ്താന് തിരിച്ചടിയായി. രണ്ട് ഓവറും ഒരു പന്തും മാത്രമാണ് താരത്തിന് എറിയാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ പാക് സ്‌കോര്‍ 137ല്‍ ഒതുങ്ങി. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സാം കറനാണ് ഇംഗ്ലീഷ് ബൗളര്‍മാരില്‍ തിളങ്ങിയത്. ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ടു വിക്കറ്റ് വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button