പള്ളപ്രം എ എം എൽ പി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ ശിശു സൗഹൃദ ക്ലാസ്സ് മുറി ഒരുങ്ങുന്നു

പൊന്നാനി പള്ളപ്രം എ.എം.എൽ.പി സ്കൂളിൻ്റെ വളർച്ചയ്ക്ക് പിന്തുണയുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. ശിശു സൗഹൃദ ക്ലാസ്സ് മുറി പദ്ധതിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രീ – പ്രൈമറി ക്ലാസ്സിലേക്കുള്ള ആകർഷകമായ ഇരിപ്പിടങ്ങൾ കൈമാറും.
പലനിറങ്ങളിൽ മനോഹരവും ആകർഷകവുമായ ബെഞ്ചും ഡസ്കും ചേർന്ന ഫർണീച്ചറുകൾ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം സമർപ്പിക്കും.
സ്കൂൾ മുറ്റവും ക്ലാസ്മുറികളും കൂടുതൽ ആകർഷകമാക്കിയ സന്തോഷത്തിനൊപ്പമാണ് പ്രീപ്രൈമറി ക്ലാസ് മുറി ശിശുസൗഹൃദമാക്കുന്നത്. സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ മികച്ച ഇരുനില കെട്ടിടം കഴിഞ്ഞ അധ്യയന വർഷത്തിൽ പണിപൂർത്തീകരിച്ചിരുന്നു. ഇത്തവണ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകർ മുൻകൈയെടുത്ത് സ്കൂൾമുറ്റം ഇൻറർലോക്കിങ് നടത്തി. ഏതാനും ക്ലാസ് മുറികൾ സ്മാർട്ട് റൂമുകൾ ആക്കി മാറ്റുകയും എല്ലാ ക്ലാസ് മുറികളിലും സൗണ്ട് സിസ്റ്റം സ്ഥാപിക്കുകയും ചെയ്തു.
പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി ക്ലാസ് ചിത്രങ്ങൾ വരച്ച് അലങ്കരിക്കുന്നതിനും പി ടി എ യുടെ ആഭിമുഖ്യത്തിൽ മിനി ചിൽഡ്രൻസ് പാർക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
മുൻസിപ്പൽ വൈസ് ചെയർമാൻ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആബിദ, പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ റീന പ്രകാശൻ, അനുപമ മുരളീധരൻ, സുഗുണൻ, എൻ റാഷിദ്, സ്കൂൾ മാനേജർ വി ജനാർദ്ദനൻ, പിടിഎ പ്രസിഡൻ്റ് വി ഹംസു തുടങ്ങി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
പദ്ധതിയുമായി നാട്ടിലും വിദേശത്തുമുള്ള ഉള്ള നിരവധി പൂർവ വിദ്യാർത്ഥികളും സുമനസ്സുകളും സഹകരിച്ചു. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മുനിസിപ്പൽ കൗൺസിലർ വിപി സുരേഷ്, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഇ സുനിത, ഹെഡ്മിസ്ട്രസ് എം.വി റെയ്സി ടീച്ചർ, പിടിഎ പ്രസിഡണ്ട് വി ഹംസു, സ്റ്റാഫ് സെക്രട്ടറി ദിപു ജോൺ, സി കെ റഫീഖ് മാസ്റ്റർ, കെ വി ജാഫർ അലി എന്നിവർ പറഞ്ഞു.
