Local newsPONNANI

പൊന്നാനി, പുന്നയൂർക്കുളം സബ്സ്റ്റേഷനുകളിലേക്ക് ഹൈ ടെൻഷൻ ടവർ നിർമിക്കുന്നു

പൊന്നാനി- പുന്നയൂർക്കുളം സബ്സ്റ്റേഷനുകളിലേക്ക് പുതിയ ഹൈടെൻഷൻ ടവർ നിർമ്മിച്ച് ലൈൻ കൊണ്ടുവരുന്നു. നിലവിലുള്ളവ കാലപ്പഴക്കം ചെന്നതിനാലും കപ്പാസിറ്റി ഉയർത്തുന്നതും കണക്കിലെടുത്താണ് നടപടി. പൊന്നാനിയുടെ തീരപ്രദേശത്തും മലപ്പുറം- തൃശൂർ ജില്ലാ അതിർത്തികളിലേക്കും വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനാണ് അപകട ഭീഷണി നേരിടുന്ന ടവറുകൾക്ക് പകരം 220 കെ. വി ലൈൻ കൊണ്ട് പോകാവുന്ന ടവറുകൾ നിർമ്മിക്കാൻ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
മഴക്കാലത്ത് പാടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ ടവറിന്റെ കാലുകളിൽ തുരുമ്പ് കയറി ടവർ നിലം പൊത്താൻ സാധ്യത കൂടുതലാണ്. ഇത്തരത്തിൽ പുന്നയൂർക്കുളം സബ്സ്റ്റേഷനിലേക്ക് വരുന്ന ടവറുകളിൽ രണ്ടെണ്ണം മൂന്നുവർഷത്തിനുള്ളിൽ നിലംപൊത്തുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.
വർഷംതോറും ടവറുകൾ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും പാടശേഖരത്തെ ജലത്തിൽ ലവണാംശം കൂടിയതിനാൽ തുരുമ്പെടുക്കാൻ കാരണമാകുന്നുണ്ട്. ശക്തമായ കാറ്റിൽ കാലുകൾ വേർപെട്ട് ടവർ നിലംപൊത്തുകയാണ് ചെയ്യുന്നത്. 18 ടവറുകൾ അപകട ഭീഷണി നേരിടുന്നുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്.
പൊന്നാനിയിലെയും പുന്നയൂർക്കുളത്തെയും 110 കെ വി സബ്സ്റ്റേഷനുകൾ 220 കെവിയായി ഉയർത്തുകയും ചെയ്യും. മൂന്നുവർഷത്തിനുള്ളിൽ പഴയ ടവറുകൾ മാറ്റാനാണ് തീരുമാനം. നിലവിലുള്ള ടവറിന് അടുത്താകും കൂടുതൽ ലൈൻ വലിക്കാനുള്ള ടവറുകൾ നിർമ്മിക്കുക. കുന്നംകുളത്ത് നിന്ന് തിരൂരിലേക്കും പുതിയ ലൈൻ വലിക്കാനുള്ള ടവറിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button