പരിസ്ഥിതിദിന സന്ദേശയാത്രയുമായി ശാസ്ത്രസാഹിത്യ പരിഷത്ത്

വളാഞ്ചേരി : പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക, കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശവുമായി പരിസ്ഥിതി ദിന സന്ദേശയാത്ര സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത്. കാടാമ്പുഴയിലെ റിട്ട. അധ്യാപകൻ റഘുനാഥൻ സ്മാരക സാംസ്‌കാരിക പഠനഗവേഷണകേന്ദ്രവും ശാസ്ത്രസാഹിത്യ പരിഷത്ത് കുറ്റിപ്പുറം മേഖലാ കമ്മിറ്റിയും ചേർന്നാണ് യാത്ര നടത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര.
മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ കരേക്കാട് ഗവ. എൽപി സ്‌കൂൾ, മേൽമുറി സൗത്ത് എയുപി സ്‌കൂൾ, മേൽമുറി ജിഎൽപി സ്‌കൂൾ, മാറാക്കര എയുപി സ്‌കൂൾ, കീഴ്മുറി എഎൽപി സ്‌കൂൾ എന്നിവിടങ്ങളിലെത്തിയ ജാഥയെ അതത് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരും സഹപ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. പി. വിജയകൃഷ്ണൻ, എ. ഗീത, പി.സി. ബഷീർ, വി. രാജലക്ഷ്മി, കെ.കെ. ശശീന്ദ്രൻ, പി. രാജേന്ദ്രൻ, സജി ജേക്കബ്, ലീന ജോസഫ് എന്നിവർ പ്രസംഗിച്ചു. ജാഥ സന്ദർശിച്ച വിദ്യാലയങ്ങളിലുള്ളവർക്ക് ഭൗമസൂചികയിൽ ഇടം ലഭിച്ച എടയൂർ മുളകിന്റെ തൈകൾ വിതരണം ചെയ്തു. സന്ദേശയാത്ര വരുംദിവസങ്ങളിലും തുടരും.
