Local newsPONNANI

ഇ. ശ്രീധരൻ നിർദേശിച്ച അതിവേ​ഗ റെയിൽ പദ്ധതി ബിജെപി ചർച്ച ചെയ്യുമെന്ന് കെ.സുരേന്ദ്രൻ

മലപ്പുറം: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ.ശ്രീധരൻ മുന്നോട്ട് വെച്ച അതിവേ​ഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. മെട്രോമാൻ ഇ.ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേ​ഗ ബദൽ റെയിൽപാതയെ പറ്റിയുള്ള കാര്യങ്ങൾ ഇ.ശ്രീധരനോട് സംസാരിച്ചു. സിൽവർലൈനിനെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ തന്നെ അത് അപ്രയോ​ഗികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേ​ഗത വേണമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ സാഹചര്യത്തിൽ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേ​ഗതയിൽ എത്തുന്ന ഒരു പാതയെ പറ്റിയാണ് ഇ.ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണ്. അല്ലാതെ നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്.

വികസനത്തിന്റെ പേരിൽ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. കഴിഞ്ഞ തവണ റെയിവെ മന്ത്രിയെ കാണാൻ ഇ. ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിന് വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവർക്ക് നൽകിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനൊപ്പം നിൽക്കുമെന്നും ഹൈസ്പീഡ് പാത സിൽവർലൈൻ പോലെയല്ലെന്നും ഇ.ശ്രീധരൻ പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, സംസ്ഥാന സെക്രട്ടറി എ.നാ​ഗേഷ്, ജില്ലാ പ്രസിഡന്റ് രവി തേലത്ത്, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, ഇന്റലക്ച്ചൽ സെൽ കൺവീനർ ശങ്കു ടി ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button