EDUCATIONLocal newsMALAPPURAM

പനിയിൽ വിറച്ചുപാടി; വിജയം കൂടെപ്പാടി…

മലപ്പുറം : പനി, നടുറോഡിൽ തളർന്നുവീഴൽ, ഉറക്കമില്ലായ്മ… ഇതൊക്കെ ഒരു വമ്പൻ വിജയത്തിന്റെ ലക്ഷണമായിരുന്നു ഇന്നലെ മമ്പാട് എംഇഎസ് കോളജിലെ 6 പെൺകുട്ടികൾക്ക്. മാപ്പിളപ്പാട്ട് ഗ്രൂപ്പ് ഇനത്തിലെ ഒന്നാം സ്ഥാനമടക്കം ഇവർ മത്സരിച്ച എല്ലായിനങ്ങളിലും സമ്മാനം. മത്സരപ്പിരിമുറുക്കത്തിനു പുറമേ ആരോഗ്യപ്രശ്നങ്ങളെയും അതിജീവിച്ച മിടുക്കികൾ. 6 പേർക്കും പനിയുണ്ടായിരുന്നു.

ഇതിനു പുറമേയാണ് ഇന്നലെ പുലർച്ചെ രണ്ടിന് കൂട്ടത്തിലെ ഹുദ ഷിനാസ് സർവകലാശാലയിലെ റോഡിൽ നിർജലീകരണം കാരണം തളർന്നുവീണത്. കൂട്ടുകാരും കണ്ടുനിന്നവരും ചേർന്ന് ആശുപത്രിയിലാക്കിയതോടെ എല്ലാവരുടെയും ഉറക്കം പോയി. മത്സരത്തിന് തൊട്ടു മുൻപ് തിടുക്കപ്പെട്ട് ആവി പിടിച്ചാണ് സ്നേഹ വേദിയിൽ കയറിയത്. കൂട്ടുകാരായ ഷഹാന, റിഫ സക്കീർ, സഞ്ജന സതീഷ്, ഷംന ലുഖ്മാൻ എന്നിവരും സ്വയം മറന്നു പാടിയപ്പോൾ പനി സമ്മാനത്തിലേക്കുള്ള ഊർജമായി.ബദറുദ്ദീൻ പാറമ്മൽ രചിക്കുകയും സാദിഖ് പന്തല്ലൂർ സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്ത മാപ്പിളപ്പാട്ടാണ് ഇന്റർസോണിൽ ഒന്നാം സമ്മാനം നേടിക്കൊടുത്തത്. സംഘഗാനത്തിന് രണ്ടാം സ്ഥാനവും ഗാനമേളയ്ക്ക് മൂന്നാം സ്ഥാനവും ഇവർക്കു ലഭിച്ചിട്ടുണ്ട്. പരിശീലനകാലത്ത് തങ്ങളെ തള്ളിപ്പറയുകയും കളിയാക്കുകയും ചെയ്തവരോടുള്ള മധുരപ്രതികാരം കൂടിയാണ് ഈ വിജയങ്ങളെന്നും ആറംഗ സംഘം പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button