MALAPPURAM

കേരളത്തില്‍ പോക്‌സോ കേസുകളില്‍ രണ്ടാം സ്ഥാനത്ത് മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം നവംബർ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടവയില്‍ രണ്ടാംസ്ഥാനത്തുള്ള ജില്ലയായി മലപ്പുറം.

425 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 488 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരമാണ് മുന്നില്‍.
കഴിഞ്ഞ വർഷം 507 കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. 2022, 2021, 2020 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 526, 442, 386 എന്നിങ്ങനെയായിരുന്നു.

133 കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിലാണ് ഈ വർഷം കേസുകള്‍ കുറവ്
അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നേരിടുന്ന അതിക്രമം, പ്രണയ ബന്ധങ്ങളില്‍ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമം, പ്രകൃതി വിരുദ്ധ പീഡനം എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്ബോള്‍ കൂടുതല്‍ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നു. പോക്‌സോ കേസുകളെ സംബന്ധിച്ച്‌ കുട്ടികളിലും രക്ഷിതാക്കളിലും അവബോധം വർദ്ധിച്ചത് കാരണം കേസ് നല്‍കാൻ മടിക്കുന്ന പ്രവണതയില്‍ കുറവ് വന്നിട്ടുണ്ട്.

പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. വിചാരണാ നടപടികള്‍ നീണ്ടുപോകുന്നതിനാല്‍ ഇരകളായ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോവുന്ന സാഹചര്യത്തില്‍ കേസുമായി മുന്നോട്ട് പോവാൻ അധിക പേരും താല്പര്യപ്പെടുന്നില്ല. കോടതിക്ക് പുറത്ത് വച്ച്‌ തന്നെ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തു തീർപ്പാക്കുന്നവയും ഉണ്ട്.

ജില്ലയില്‍ 2021 മുതല്‍ 2024 നവംബർ വരെയുള്ള പോക്‌സോ കേസുകളുടെ എണ്ണം

2021 – 442
2022 – 526
2023 -507
2024 – 425

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button