Local newsTHRITHALA

പട്ടിത്തറ പഞ്ചായത്തില്‍ ജീവനക്കാരുടെ അഭാവം; ഡയറക്ടർ ഓഫീസ് ഉപരോധിച്ചു

തൃത്താല: പട്ടിത്തറ പഞ്ചായത്തില്‍ മാസങ്ങളായി പ്രധാനപ്പെട്ട ജീവനക്കാര്‍ ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി. പ്രശ്‌നം രൂക്ഷമായതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനപ്രതിനിധികളുമായി സംസാരിച്ചതോടെയാണ് ആറുമണിവരെ നീണ്ട സമരം പിന്‍വലിച്ചത്. വ്യാഴാഴ്ച രാവിലെ 11 ഓടെ കലക്ട്രേറ്റിലുള്ള എല്‍എസ്ജിഡി ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു ജനപ്രതിനിധികള്‍. എക്‌സൈസ്, തദ്ദേശ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എം.ബി. രാജേഷിന്റെ മണ്ഡലമായ തൃത്താലയിലെ പഞ്ചായത്താണ് പട്ടിത്തറ. പഞ്ചായത്തില്‍ മാസങ്ങളായി എക്സി. എന്‍ജിനീയര്‍, സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍, തേഡ് ഗ്രേഡ് ഓവര്‍സിയര്‍, വിഇഒ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടെ നിലവിലെ നാല് ക്ലറിക്കല്‍ ജീവനക്കാരെ ബദല്‍ സംവിധാനമില്ലാതെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും സ്തംഭിച്ചു. പരാതിക്ക് പരിഹാരം കാണാതെ പിരിഞ്ഞുപോകാന്‍ തയാറായില്ല. പോലീസെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും തങ്ങള്‍ അക്രമത്തിനല്ല വന്നതെന്നും പൊതുജന പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ ജീവനക്കാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയതെന്നും പറഞ്ഞു.   പ്രശ്‌നം രൂക്ഷമായതോടെ തൃശൂരില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ചീഫ് എന്‍ജിനീയര്‍ ജനപ്രതിനിധികളുമായി സംസാരിച്ചു. അദ്ദേഹം അനുകൂല നിലപാടെടുത്തതോടെയാണ് അവര്‍ പിരിഞ്ഞത്.   പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, വൈസ് പ്രസിഡന്റ് സെബു സദക്കത്തുല്ല, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി അബ്ദുല്ലക്കുട്ടി, പഞ്ചായത്തംഗങ്ങളായ കെ. ശശിരേഖ, പി.വി ഷാജഹാന്‍, കെ.പി രാധ, കെ.ടി ഫവാസ്, റസിയ അബൂബക്കര്‍, പ്രജിഷ വിനോദ്, പി.സി ഗിരിജ, നന്ദകുമാര്‍, എം.എസ് വിജയലക്ഷ്മി, എ.പി സരിത, കെ. സിനി എന്നിവരുടെ നേതൃത്വത്തിലാണ് എല്‍എസ്ജിഡി ഓഫീസിലെത്തിയത്. സുപ്രധാന പോസ്റ്റുകളില്‍ ആഗസ്‌തോടെ സ്ഥിരം ജീവനക്കാരെ നിയമിക്കുമെന്ന് തദ്ദേശ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. നിലവിലെ തൃത്താല എഇക്ക് 29 വരെ ചുമതല നല്‍കും. തൃത്താല എഇക്ക് കൊപ്പം പഞ്ചായത്തിലേക്കുള്ള സ്ഥലം മാറ്റവും തത്കാലം മരവിപ്പിക്കും. പിന്നീട് പുതിയ എക്‌സി. എന്‍ജിനീയറെയും സെക്കന്റ് ഗ്രേഡ് ഓവര്‍ സീയറെയും നിയമിക്കും. മറ്റു ഒഴിവുകളും ഉടന്‍ നികത്തും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button