ദേശീയപാത വികസനം : നിയമ നടപടികളിൽ കുരുങ്ങിയ സ്ഥലങ്ങൾ മേയ് 15-നകം ഏറ്റെടുക്കും
എടപ്പാൾ: ദേശീയപാത 66-ന്റെ വികസനത്തിനായി ഏറ്റെടുത്തിട്ടും കോടതി നടപടികളിൽപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും മേയ് 15-നകം ഏറ്റെടുക്കും.15 ഹെക്ടറോളം ഭൂമിയും 150-ൽപ്പരം കെട്ടിടങ്ങളുമാണ് നിലവിൽ നിയമതടസ്സംമൂലം നിർമാണത്തിന് ഏറ്റെടുക്കാനാകാത്തത്.
ഹൈക്കോടതിയിലാണ് നിയമനടപടി പുരോഗമിക്കുന്നത്. പല കേസുകളിലും ദേശീയപാത അതോറിറ്റിക്ക് അനുകൂലമായി വിധിവന്നിട്ടുണ്ട്. അനുകൂലവിധി വന്നസ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുക്കാൻ കളക്ടർ അതത് മേഖലകളിലെ തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി ചുമതലപ്പെടുത്തി. സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് പോലീസിന്റെ സംരക്ഷണവും ഏർപ്പെടുത്തി.
കുറ്റിപ്പുറം പാലത്തിന്റെ കിഴക്കുഭാഗത്ത് സ്വകാര്യവ്യക്തിയുടെ നാഗത്തറ ഉൾപ്പെടുന്ന ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഏതാനുംദിവസം മുൻപ് നീക്കിയതോടെ ബുധനാഴ്ച നാഗത്തറ ഉൾപ്പെടുന്ന സ്ഥലം അധികൃതർ ഏറ്റെടുത്തു. തിരൂർ തഹസിൽദാർ പി. ഉണ്ണി, ലെയ്സൺ ഓഫീസർ പി.പി.എം. അഷ്റഫ്, സർവയർ ഗോപാലകൃഷ്ണൻ, കരാർ കമ്പനിയുടെ അസി. പ്രോജക്ട് മാനേജർ ശേഷു, കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇതേെറ്റടുത്തത്.