EDAPPALLocal news

പട്ടയം കിട്ടാന്‍…ഓരോ പെടാപ്പാടുകൾ…

എടപ്പാൾ : പട്ടയങ്ങൾ നൽകുന്നത് ലാൻ ട്രിബ്യൂണൽ ഓഫീസുകളിൽ നിന്നാണ്. അതിനാണ് വില്ലേജോഫീസുകളിൽ അപേക്ഷ നൽകി സുവോമോട്ട ബുക്ക് ചെയ്ത് ലാൻഡ് ട്രിബ്യൂണലുകളിൽ അപേക്ഷിക്കുന്നത്.ഇത് യഥാർത്ഥത്തിൽ പട്ടയമല്ല ക്രയസർട്ടിഫിക്കറ്റാണെന്നും കാലക്രമേണ അതും പട്ടയത്തിന്റെ പരിധിയിൽ വന്നതാണെന്നുമാണെന്നാണ് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർമാർ പറയുന്നത്. അപേക്ഷ നൽകിയാൽ കക്ഷിയെയും ജന്മിയെയും വിചാരണയ്ക്ക് വിളിച്ച് ജന്മി ആ ഭൂമിയിൽ അവകാശമുന്നയിക്കാതിരിക്കുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ പട്ടയമനുവദിക്കും. ഇത്തരം പട്ടയം നൽകുന്ന ഓഫീസുകൾ കണ്ടാൽ ജനം ഭയന്നോടും. അസൗകര്യങ്ങളുടെ വിളനിലമാണ് ഇവ. തഹസിൽദാരുടെ അതേ പദവിയാണെങ്കിലും രണ്ടാം തരക്കാരാണ് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർമാർ.പ്രിൻസിപ്പൽ തഹസിൽദാർക്കുള്ള അധികാരമോ വാഹനം പോലുമോ ഇവർക്കില്ല. തിരൂർ ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ കുടുസു റെക്കോഡ് മുറിയിൽ എട്ടു ലക്ഷത്തോളം ഫയലുകൾ സൂക്ഷിച്ചിരിക്കുന്നത് എങ്ങനെയെന്ന് ജീവനക്കാർക്കുപോലും അത്ഭുതമാണ്. ഇതിൽ കൊള്ളാത്തവ കാറ്റും മഴയുമെല്ലാം കൊള്ളാൻ സാധ്യതയുള്ള വരാന്തയിലും മറ്റുമാണ് ഇപ്പോൾ സൂക്ഷിക്കുന്നത്.1964 മുതലുള്ള രേഖകൾ ഇവിടെ സൂക്ഷിക്കണം. ഇപ്പോഴും ഒരു ലാൻഡ് ഫോണില്ല. കംപ്യൂട്ടറുണ്ടെങ്കിലും പട്ടയമനുവദിക്കുന്ന നടപടിക്രമങ്ങളെല്ലാം പഴയ രീതിയിൽ തന്നെയാണ്. പട്ടയമനുവദിച്ചാൽ പിന്നീട് ആ ഫയൽ ഏതെങ്കിലും പഴയ മരത്തിന്റെ അലമാരയിൽ വെക്കും. ജില്ലയിലെ മലപ്പുറം, മഞ്ചേരി, തിരൂരങ്ങാടി എന്നീ ഓഫീസുകളുടെ സ്ഥിതിയും ഏതാണ്ട് ഇതൊക്കെത്തന്നെ. ആരെങ്കിലും പട്ടയം നഷ്ടപ്പെട്ട് പകർപ്പിന് അപേക്ഷിച്ചാൽ തിരഞ്ഞാൽ കിട്ടില്ല. കിട്ടിയാലും പഴയവയാണെങ്കിൽ പൊടിഞ്ഞുപോയിരിക്കും. വീണ്ടും പഴയ നടപടിക്രമങ്ങൾ ആവർത്തിക്കേണ്ട അവസ്ഥയാണ്.ഡിജിറ്റലാകാതെ ലാൻഡ് ട്രിബ്യൂണൽ ഓഫീസുകൾ നാടെങ്ങും ഡിജിറ്റലായിട്ടും ലാൻഡ് ട്രിബ്യൂണൽ ഓഫീസുകൾ ഇതുവരെയായിട്ടില്ല. ഭൂവുടമയെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ട രേഖയാണ് പട്ടയം. ഇവ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കേണ്ട കാലം അതിക്രമിച്ചെങ്കിലും അതിന്റെ ഗൗരവം ഒരു സർക്കാരും മനസ്സിലാക്കുന്നില്ല. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള കരുതലും കൈത്താങ്ങും പദ്ധതിക്കുപോലും പോർട്ടലും സോഫ്റ്റ് വേറുമെല്ലാമായി. എന്നാൽ ഭൂവുടമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയായ പട്ടയം ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാൻ ഒരു പോർട്ടലോ സോഫ്റ്റ്‌വേറോ ഇല്ല. കാലഹരണപ്പെട്ടിട്ടും മാറ്റമില്ലാത്ത നിയമം കേരള ഭൂപരിഷ്കരണ നിയമം 1963-ൽ വന്ന നിയമമാണ്. 1970-ൽ പൂർണമായി നടപ്പിലാക്കി. ചില ഭേദഗതികൾ വന്നെങ്കിലും പട്ടയം കൊടുക്കുന്ന കാര്യത്തിൽ കുറച്ചുകൂടി സുതാര്യമായ ഭേദഗതികൾ വേണ്ടതാണ്. പട്ടയത്തിനുള്ള അപേക്ഷ ഓൺലൈനായി നൽകാനും മുൻഗണനാക്രമം കൃത്യമായി പാലിക്കാനും നടപടിവേണം. അപേക്ഷ നൽകുമ്പോൾത്തന്നെ എന്തെല്ലാം രേഖകൾ നൽകണമെന്ന അറിയിപ്പ്‌ നൽകണം. ജന്മിമാർ വരാത്ത അപേക്ഷകളിൽ ഒറ്റ വിചാരണകൊണ്ട് നടപടി പൂർത്തിയാക്കി ജനങ്ങളുടെ പ്രയാസത്തിനറുതി വരുത്താവുന്നതേയുള്ളു. വിചാരണയും പ്രഹസനം പട്ടയത്തിനപേക്ഷിച്ച് വിചാരണ ആരംഭിച്ചാൽ 90 ശതമാനത്തിലും ജന്മിമാർ ഹാജരാകില്ല. ജന്മിയും അതിന്റെ അടുത്ത തലമുറയുമെല്ലാം ഇല്ലാതായതിനാൽ ഈ ഭൂമിക്കൊന്നും മറ്റവകാശികൾ ഉണ്ടാവുകയുമില്ല. ഇതെല്ലാം സർക്കാരിനും അറിയാവുന്നതാണ്. ഓരോ വില്ലേജിലേയും പട്ടയം നൽകാത്തവരുടെ പട്ടിക പൊതുജനമധ്യത്തിലോ പത്രമാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുകയും അവയിൽ കുടികിടപ്പുകാർക്ക് പട്ടയം നൽകുന്നതിൽ പരാതിയുള്ള ജന്മിമാർ ബോധിപ്പിക്കണമെന്ന് അറിയിക്കുകയും ചെയ്യാവുന്നതാണ്. പരാതി ലഭിക്കാത്തവയിൽ നിശ്ചിതദിവസത്തിനുശേഷം പട്ടയം നൽകുകയും ചെയ്യാവുന്നതാണെന്ന് വർഷങ്ങളുടെ അനുഭവജ്ഞാനമുള്ള റവന്യൂ ഉദ്യോഗസ്ഥർ പറയുന്നു. ജന്മിമാർ ഹാജരാവുന്നവയിൽ മാത്രം വിചാരണ നടത്തി തുടർനടപടിയെടുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button